നിവരില്ലേ ചുമ്മാരുകട വളവ്?
text_fieldsനെടുങ്കണ്ടം: പതിറ്റാണ്ടുകളായി അപകടം തുടര്‍ക്കഥയായിട്ടും തദ്ദേശവാസികള്‍ റോഡ് ഉപരോധമടക്കം സമരങ്ങള്‍ നടത്തിയിട്ടും ചുമ്മാരുകട കൊടുംവളവ് നിവര്ക്കാന് അധികൃതർ തയാറാകുന്നില്ല. ഞായറാഴ്ച പുലര്‍ച്ചയും കൊടും വളവില്‍ ലോറി മറിഞ്ഞു. തമിഴ്നാട്ടില്‍നിന്ന് ചാക്ക് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവറും ക്ലീനറുമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. ഇവർക്ക് നിസ്സാര പരിക്കേറ്റു.
ചുമ്മാരുകട കൊടുംവളവ് കൂട്ടാര്‍-കമ്പംമെട്ട് റൂട്ടിലാണ് ഈ അപകട വളവ്. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. കുത്തനെ ഇറക്കത്തില്‍ എസ് ആകൃതിയില്‍ കിടക്കുന്ന കൊടും വളവില്‍ ചെറുതും വലുതുമായ അപകടങ്ങള്‍ നിത്യസംഭവമാണ്. പലരുടെയും മരണത്തിനും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ഒട്ടേറെ അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ശാന്തിപുരം ഭാഗത്തുനിന്ന് വേഗത്തില്‍ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പെടുന്നത്.
റോഡിനെപ്പറ്റി മുന്‍പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിച്ചുവരുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ കൊടുംവളവിൽ നിയന്ത്രണംവിട്ട് മറിയുന്നതും പതിവാണ്. പലപ്പോഴും ഭാഗ്യംകൊണ്ടാണ് വൻ ദുരന്തം ഒഴിവാകുന്നത്. നിറയെ യാത്രക്കാരുമായി എത്തിയ തമിഴ്നാട് കോർപറേഷൻ വക ബസ് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റുകൾ തകര്‍ത്ത് കടയില്‍ ഇടിച്ചുനിന്ന സംഭവവുമുണ്ട്. നേരത്തേ തമിഴ്നാട്ടിൽനിന്ന് അറവുമാടുകളുമായെത്തിയ ലോറി ഈ വളവിൽ അപകടത്തിൽപെട്ടിരുന്നു. ലോറിയും ജീപ്പും മറിഞ്ഞാണ് രണ്ട് തമിഴ്നാട് സ്വദേശികൾ മരിച്ചത്. ഇരുചക്ര വാഹനങ്ങളും ഓട്ടോകളും ട്രിപ് ജീപ്പുകളും അപകടത്തിൽപെടുന്നതും പതിവാണ്. അശാസ്ത്രീയ നിർമാണമാണ് അപകടത്തിന് പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.