മണ്ണിന് ദോഷം വരാതെ; സമ്പൂര്‍ണ ജൈവ കൃഷിയിലൂടെ ഏലവും മത്സ്യവും
text_fieldsനെടുങ്കണ്ടം: ഏലത്തിന് ഉൽപാദനച്ചെലവ് കൂടുതലും വില കൂറവുമുള്ളപ്പോള് സമ്പൂര്‍ണ ജൈവകൃഷിയിലൂടെ നൂറുമേനി വിളവുമായി കര്ഷകന്. പാമ്പാടുംപാറ മുക്കുങ്കല്‍ തോമസ് ജോസഫ് എന്ന കര്‍ഷകനാണ് പ്രകൃതിയെ നശിപ്പിക്കാതെയും മണ്ണിന് ദോഷം വരാതെയും സമ്പൂര്‍ണ ജൈവ കൃഷിയിലൂടെ മികച്ച ആദായം കണ്ടെത്തുന്നത്. ചെറുതും വലുതുമായ മിക്ക കര്‍ഷകരും ഏലത്തിന് ഏറെയും മരുന്ന് ഉപയോഗിക്കുന്ന കാലഘട്ടത്തില്‍ 15 ഏക്കറിലാണ് ജൈവവളം ഉപയോഗിച്ച് ഏലം കൃഷിചെയ്യുന്നത്. ജപ്പാന് കമ്പനി ഉൽപാദിപ്പിക്കുന്ന എല്ലുപൊടിയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്.
ഏലത്തിന് നൂറുമേനി വിളവ് കൊയ്യുന്നതിനോടൊപ്പം ആധുനിക മത്സ്യ കൃഷിയിലും പുതിയ അനുഭവം പങ്കുവെക്കുകയാണ് ഈ കര്ഷകന്. 10,000 ലിറ്ററിന്റെ സംഭരണിയില്‍ 2500 മത്സ്യങ്ങളെ വീതം വളര്‍ത്തുന്ന ഏഴ് മീന്‍ വളര്‍ത്തല്‍ യൂനിറ്റാണ് ഇദ്ദേഹത്തിനുള്ളത്.
കോവിഡ് സമയത്താണ് ഏലം കൃഷിയും മീന്‍ വളര്‍ത്തല്‍ യൂനിറ്റും ആരംഭിച്ചത്. തിലോപ്യയാണ് ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്നത്. തുടര്‍ച്ചയായി ഓക്സിജന്‍ കൊടുക്കുന്നതും ഭക്ഷണവശിഷ്ടങ്ങള്‍ പോലുള്ളവ കൊടുക്കാത്തതും കാരണം രുചി കൂടിയതാണ് താൻ ഉൽപാദിപ്പിക്കുന്ന തിലോപ്പിയയെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. സര്‍ക്കാറിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കുന്നതിനുതകുന്ന ജില്ലയിലെ ആദ്യത്തെ ഹാച്ചറി നെടുങ്കണ്ടത്ത് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തുതന്നെ കുറച്ചുപേര്‍ മാത്രം നടത്തുന്ന സംരംഭത്തിനാണ് ജില്ലയില്‍ ആദ്യമായി ഇദ്ദേഹം തുടക്കംകുറിച്ചത്. അഞ്ചുപേര്‍ അടങ്ങിയ ഗ്രൂപ്പാണ് നടത്തിപ്പുകാർ. മത്സ്യ വളര്‍ത്തലുകാര്‍ പലരും ആലപ്പുഴയില്‍നിന്നും മറ്റുമാണ് ജില്ലയിൽ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. എന്നാല്‍, ഇത് മിക്കവയും ചത്തുപോകാറാണ് പതിവ്. അതിന് വ്യത്യസ്തമായാണ് ഇവിടെത്തന്നെ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച് സര്‍ക്കാറിന്റെ അംഗീകാരത്തോടെ വിൽപന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.