ചിന്നക്കനാലിലെ ആദിവാസി യുവാവിന്റെ മരണം ആത്മഹത്യയെന്ന് പൊലീസ്
text_fieldsനെടുങ്കണ്ടം: ചിന്നക്കനാലില്‍ ആദിവാസി യുവാവിനെ ചങ്ങലയിൽ വീടിന്റെ ജനാലയില്‍ ബന്ധിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്നും യുവാവിന്റെ മരണം ആത്മഹത്യയെന്നും പൊലീസ്. മുന്നൂറ്റൊന്ന്കോളനിയിലെ തരുണാണ് (23) വെള്ളിയാഴ്ച വൈകീട്ട് ആറിന് മരിച്ച നിലയില്‍ വീടിനോട് ചേർന്ന് കണ്ടെത്തിയത്.
തരുണിന്റെ വീട്ടില്‍ ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയത്തിനിടയാക്കുന്ന തെളിവുകളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ശരീരത്തിലും തലയിലും തീപ്പൊള്ളലേറ്റതാണ് മരണകാരണം.
ഞായറാഴ്ച ഉച്ചയോടെ തരുണിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തരുണിന്റെ ദേഹത്ത് തീപ്പൊള്ളലേറ്റ മുറിവുകളല്ലാതെ പിടിവലിയുണ്ടായതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്.
വീടിന്റെ ജനാലയില്‍ കെട്ടിയ തുടല് ശരീരത്തിലെ ബെല്‍റ്റുമായി ബന്ധിച്ച ശേഷം മണ്ണെണ്ണ പോലുള്ള ദ്രാവകം ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പഠിക്കാൻ മിടുക്കനായിരുന്ന തരുൺ കോട്ടയത്ത് ബിരുദം പൂര്‍ത്തിയാക്കി മാസങ്ങൾക്ക് മുമ്പാണ് കോളനിയിൽ എത്തിയത്.
എന്നാൽ, തുടര്‍പഠനം നടത്താന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. രണ്ടുമാസം മുമ്പുണ്ടായ ഹൃദ്രോഗ ബാധയെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഏതാനും മാസം മുമ്പ് പ്രണയബന്ധം തകര്‍ന്നതും രോഗബാധ മൂലം മുത്തശ്ശി അമ്മിണി കിടപ്പിലായതും തരുണിനെ മാനസികമായി തളര്‍ത്തിയിരുന്നു. മാസങ്ങളായി അമ്മിണിയെ പരിചരിക്കുന്നത് തരുണായിരുന്നു. ഇത്തരം ആത്മസംഘര്‍ഷങ്ങളെല്ലാം തരുണിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. മൃതദേഹം ഞായറാഴ്ച വൈകീട്ടോടെ അടിമാലിയിലെ ശ്മശാനത്തില്‍ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.