തൊഴിലുറപ്പിൽ തൊഴില്‍ നിഷേധം; വയോധികയുടെ പരാതിയിൽ വിജിലന്‍സ് അന്വേഷണം
text_fieldsനെടുങ്കണ്ടം: തൊഴിലുറപ്പില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ വയോധികക്ക് തൊഴില്‍ നിഷേധിച്ചെന്ന പരാതിയില്‍ പാമ്പാടുംപാറ പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് അന്വേഷണത്തിനെത്തി. ബുധനാഴ്ചയാണ് പാമ്പാടുംപാറ പഞ്ചായത്തില്‍ വിജിലന്‍സ് എത്തി തൊഴിലുറപ്പ് സംബന്ധിച്ച ഫയലുകളും മറ്റും പരിശോധിച്ചത്.
പാമ്പാടുംപാറ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പനക്കല്‍ തുളസികവലയില് താമസിക്കുന്ന പുതുപ്പറമ്പില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ (74) പരാതിയിലാണ് അന്വേഷണം. തൊടുപുഴയില്‍നിന്ന് വിജിലന്‍സ് എസ്.ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. എട്ടുമാസമായി ജോലി നിഷേധിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി. പരാതിക്കു പുറമെ ലക്ഷ്മിക്കുട്ടിയമ്മ പഞ്ചായത്ത് ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
മറ്റാരും ആശ്രയമില്ലാത്ത ഇവരുടെ ഏക വരുമാന മാര്‍ഗമായ തൊഴിലുറപ്പ് ജോലി് ചിലര്‍ വ്യക്തി വൈരാഗ്യം മൂലം തടഞ്ഞുവെച്ചെന്നായിരുന്നു പരാതി. നിരവധി തവണ പലയിടത്തും പരാതി നല്‍കിയിട്ടും നീതി നിഷേധിച്ചതിനാല്‍ പ്രധാന മന്ത്രിക്ക് പരാതി നല്കി കാത്തിരിക്കുന്നതിനിടയിലാണ് വിജിലന്‍സ് സംഘം അന്വഷണത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.