കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തര്‍ക്ക ഭൂമി; കലക്ടർ വന്നു, കണ്ടു, ബോധ്യപ്പെട്ടു
text_fieldsനെടുങ്കണ്ടം: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ തര്‍ക്ക ഭൂമിയും ആമപ്പാറയും സന്ദർശിക്കാൻ കലക്ടര്‍ എത്തി. മുന്നറിയിപ്പൊന്നുമില്ലാതെയായിരുന്നു കലക്ടറുടെ സന്ദർശനം. രാമക്കല്‍മേട്, ആമപ്പാറ പ്രദേശത്തെ തമിഴ്നാട് അതിര്‍ത്തി തര്‍ക്ക പ്രദേശങ്ങളാണ് കലക്ടര്‍ വി. വിഘ്നേശ്വരി സന്ദര്‍ശിച്ചത്. കൂടാതെ തമിഴ്നാട് വനം വകുപ്പ് ബോര്‍ഡ്വെച്ച് പ്രവേശനം നിരോധിച്ച രാമക്കല്ല്, ആമപ്പാറയിലെ അനര്‍ട്ടിന്റെ സ്ഥലം, അതിരുകള്‍, സോളാര്‍ പാനല്‍, രാമക്കൽ മേട്ടിലെ കുറവന്‍കുറത്തി മല എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി.
അനര്‍ട്ടിലെ ജീവനക്കാരുമായി സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. കൂടാതെ സമീപത്തെ ടൂറിസം സാധ്യതകളെക്കുറിച്ചും പ്രദേശത്തെ റവന്യൂ ഭൂമിയെപ്പറ്റിയും പഞ്ചായത്ത് അംഗം വിജിമോള്‍ വിജയനോടും ചോദിച്ചറിഞ്ഞു. ചൂലമലയിലെ റവന്യൂ ഭൂമിയും നേരില്‍ കണ്ടു.
18.5 കോടിയുടെ പദ്ധതിയാണ് അനര്‍ട്ട് നടപ്പാക്കിയത്. ഇവിടെ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് അനധികൃത ഓഫ് റോഡ് ജീപ്പ് സവാരിമൂലം പൊടിശല്യവും മറ്റും പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നത് ചൂണ്ടിക്കാട്ടി അനര്‍ട്ട് മുമ്പ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതിനാലാണ് അവിടം സന്ദര്‍ശിച്ചത്. പാനലിൽ ഉണ്ടാകുന്ന പൊടിശല്യം മൂലം ആവശ്യത്തിന് വൈദ്യുതി ഉൽപാദിപ്പിക്കാനാകുന്നില്ലെന്നാണ് അവരുടെ പരാതി. ആമപ്പാറയിലേക്ക് സഞ്ചാരയോഗ്യമായ ഒരു റോഡെങ്കിലും വേണമെന്ന കാര്യവും കലക്ടര്‍ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു. ഹൈവേയില്‍നിന്ന് ഒരുകിലോ മീറ്റര്‍ മാത്രമാണ് ആമപ്പാറക്കുള്ളത്. ഇതാകട്ടെ ഓഫ്റോഡ് ജീപ്പുകാര്‍ക്ക് മാത്രം സഞ്ചരിക്കാനുള്ളതാണ്.
ആമപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. സ്കൂള്‍ കുട്ടികള്‍ക്കും വയോധികര്‍ക്കും കാല്‍നടപോലും പ്രയാസമാണ്. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഉരുളന്‍ കല്ലില്‍ കൂടി നടന്നു നീങ്ങുന്നത് നേരില്‍ കണ്ട കലക്ടർ സ്ഥിതി ചോദിച്ചറിഞ്ഞു. രോഗികള്‍ക്ക് ഓട്ടോ വിളിച്ചുപോലും താമസസ്ഥലത്ത് എത്താന്‍ കഴിയുന്നില്ല. സാധാരണ ജനങ്ങള്‍ക്ക് 1800 രൂപ മുടക്കി ആമപ്പാറയില്‍ എത്താന്‍ കഴിയാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആഗസ്റ്റ് എട്ടിന് തമിഴ്നാട് വനം വകുപ്പ് ബോര്‍ഡുവെച്ച് പ്രവേശനം നിരോധിച്ച രാമക്കല്ലും കലക്ടര്‍ സന്ദര്‍ശിച്ചു. രാമക്കല്ല് സ്ഥിതിചെയ്യുന്ന തമിഴ്നാട് വനത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് പ്രദേശം മലീമസമാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു തമിഴ്നാട് വനം വകുപ്പ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ച ബോര്‍ഡ് സ്ഥാപിച്ചത്.
സംഭവം ബോധ്യപ്പെട്ട കലക്ടര്‍ ജനപ്രതിനിധികളും ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ തര്‍ക്ക ഭൂമിയും വിനോദസഞ്ചാരികള്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളും നിരീക്ഷിച്ചു. അതിര്‍ത്തി മേഖലയിലും മറ്റും കുമിഞ്ഞുകൂടുന്ന മാലിന്യം കണ്ടതോടെ നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളോട് അടിയന്തരമായി മാലിന്യം നീക്കം ചെയ്യാനും ആമപ്പാറയിലും രാമക്കല്ലിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കാനും നിര്‍ദേശം നല്കിയ ശേഷമാണ് കലക്ടര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.