ജില്ല കായികമേള; കിരീടം കട്ടപ്പനക്ക് തന്നെ
text_fieldsനെടുങ്കണ്ടം: ഇല്ല, കട്ടപ്പനക്ക് എതിരാളികളേ ഇല്ല. ആധിപത്യം ഒരിക്കൽ കൂടി ഉരുക്കിൽ വാർത്തെടുത്ത് 17ാമത് ഇടുക്കി റവന്യു ജില്ല സ്കൂൾ കായികമേളയിൽ കട്ടപ്പന ഉപജില്ല ചാമ്പ്യന്മാരായി. അടിമാലിയാണ് രണ്ടാമത്. ആതിഥേയരായ നെടുങ്കണ്ടം മൂന്നാമതെത്തി.
ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കായ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ മൂന്നു ദിവസമായി നടന്ന മേളയിൽ എതിരാളികളെ ബഹുദൂരം പിന്തള്ളിയാണ് കട്ടപ്പന മുന്നേറിയത്. 42 സ്വർണവും 47 വെള്ളിയും 26 വെങ്കലവും അടക്കം 420 പോയന്റുമായാണ് കട്ടപ്പന മുന്നിലെത്തിയത്. 28 സ്വർണവും 25 വെള്ളിയും 25 വെങ്കലവും അടക്കം 267 പോയന്റുമായി അടിമാലി രണ്ടാമതെത്തി. ആറ് സ്വർണവും 14 വെള്ളിയും 14 വെങ്കലവും അടക്കം 92 പോയന്റുമായാണ് നെടുങ്കണ്ടം മൂന്നാം സ്ഥാനത്തിന് അർഹരായത്.
127 പോയന്റ് നേടിയ സി.എച്ച്.എസ് കാൽവരിമൗണ്ടും 106 പോയന്റ് നേടിയ സെന്റ് തോമസ് എച്ച്.എസ്.എസ് ഇരട്ടയാറുമാണ് കട്ടപ്പനയുടെ സഞ്ചി നിറച്ചത്. 94 പോയന്റ് നേടിയ എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ സിറ്റിയുടെ ബലത്തിലാണ് അടിമാലി രണ്ടാമത് എത്തിയത്.
കായിക മേളയുടെ സമാപന സമ്മേളനം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അധ്യക്ഷത വഹിച്ചു. ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എച്ച്.എം. ആസഫലി പട്ടർകടവൻ, എ. ഇ. ഒ സുരേഷ് കുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ ഫ്രാൻസീസ് ഇ.ജെ, പബ്ലിസിറ്റി കൺവീനർ ബിജു ജോർജ്, നെടുങ്കണ്ടം ഗവ: സ്കൂൾ എച്ച്.എം.അല്ലി ചന്ദ്രൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ വൈ. പ്രസിഡന്റ് എം. സുകുമാരൻ, ഷിബു ചെരികുന്നേൽ, ഗവ: സ്കൂൾ ലാബ് അസിസ്റ്റന്റ് ബെന്നി തോമസ്, കെ.പി.എസ്.ടി എ ജില്ല പ്രസിഡൻറ് ആറ്റ്ലി വി.കെ, തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫി ഇടുക്കി ഡി.സി.ഇ. യും പ്രോഗ്രാം ജനറൽ കൺവീനറുമായ ഷാജി. എസ് വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.