കുടിവെള്ള പദ്ധതി വലക്കുന്നു; കുടിനീരിനായി പൊന്നാങ്കാണിക്കാര്
text_fieldsനെടുങ്കണ്ടം: പൊന്നാങ്കാണിയില്‍ നെടുനീളന്‍ ജലനിധി പദ്ധതി ഉണ്ടെങ്കിലും ടാപ്പുകളില്‍ ഒന്നിലും ഒരുതുള്ളി വെള്ളമില്ലാതായിട്ട് വര്‍ഷങ്ങൾ. ഇതോടെ 167 കുടുംബങ്ങള്‍ നാളുകളായി വെള്ളം വിലയ്ക്ക് വാങ്ങുകയാണ്. മഴക്കാലത്തും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലാണ്. ഇതില്‍ കുഴല്‍ക്കിണറുകളോ മറ്റ് ശുദ്ധജല സ്രോതസ്സുകളോ ഇല്ലാത്ത 50ഓളം കുടുംബങ്ങളാണ് വേനൽക്കാലത്ത് ഏറെ ദുരിതമനുഭവിക്കുന്നത്. വേനൽ കടുക്കുന്നതോടെ പഞ്ചായത്ത് ആഴ്ചയില്‍ രണ്ടുതവണ വിതരണം ചെയ്യുന്ന ജലം മാത്രമാണ് ഇവരുടെ ആശ്രയം. ആവശ്യത്തിലധികം ജലസംഭരണികളും പമ്പ് ഹൗസും വീടുകൾ തോറും ടാപ്പുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും എല്ലാം ഉണങ്ങി വരണ്ടു.
2018-19 സാമ്പത്തിക വര്‍ഷം ജലനിധി പദ്ധതിയിൽ ഉള്‍പ്പെടുത്തിയാണ് പൊന്നാംകാണിയിൽ പദ്ധതി ആരംഭിച്ചത്. 4200 രൂപ വീതം ഗുണഭോക്തൃ വിഹിതം വാങ്ങി 1.90 കോടി രൂപ മുടക്കിയാണ് പദ്ധതി ആരംഭിച്ചത്. മുമ്പുണ്ടായിരുന്ന മൂന്ന് ചെറുകിട പദ്ധതികള്‍, ഇതോടനുബന്ധിച്ച് ഉപേക്ഷിച്ച് ഒറ്റ പദ്ധതിയാക്കി മാറ്റുകയായിരുന്നു. എസ്.സി ഫണ്ട് ഉപയോഗിച്ച് കമ്യൂണിറ്റി ഹാളിന് പിന്നിലായി സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്കിയ സ്ഥലത്ത് രണ്ട് സംഭരണികള്‍ നിർമിച്ചിരുന്നു. പിന്നീട് ജലനിധി പദ്ധതി വന്നതോടെ ഈ സംഭരണിയില്‍നിന്നും വെള്ളം എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യാനാവില്ലെന്ന് പറഞ്ഞ് പൊന്നാങ്കാണിമെട്ടിന് മുകളില്‍ പുതിയ സംഭരണി സ്ഥാപിക്കുകയും മറ്റ് രണ്ട് സംഭരണികള്‍ ഉപേക്ഷിക്കുകയും ചെയ്തു.
പുതിയ സംഭരണിയും മോട്ടോറും എല്ലാ വീട്ടിലും പൈപ്പ് കണക്ഷനും സ്ഥാപിച്ചു. എന്നാല്‍, ഏതാനും മാസം മാത്രമാണ് പദ്ധതി പ്രവര്‍ത്തിച്ചത്. പട്ടത്തിമുക്ക്, പൊന്നാങ്കാണി, സ്വര്ണക്കുഴി എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു ജലനിധി പദ്ധതി തുടങ്ങിയത്. ഓരോ വീട്ടുകാരും പ്രതിമാസം 200 രൂപവീതം അടക്കുന്നുണ്ടായിരുന്നു. എന്നാല്‍, പദ്ധതിയിലൂടെ വെള്ളം കിട്ടാതായതോടെ പ്രദേശവാസികളില്‍ ചിലര്‍ വന്‍ തുക മുടക്കി കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചു. പമ്പ് ഹൗസ് പ്രവര്‍ത്തിപ്പിക്കാൻ ആളെ നിയമിച്ചിരുന്നുവെങ്കിലും അയാള്‍ ഉപേക്ഷിച്ച് പോയതാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു. വെള്ളം പമ്പ് ചെയ്യുമ്പോള്‍ പൈപ്പ് പൊട്ടുന്നതാണ് മറ്റൊരു കാരണമെന്നും ഒരുവിഭാഗം ആരോപിക്കുന്നു.
പൈപ്പുകള്‍ ഗുണമേന്മയില്ലാത്തവയാണെന്നും നിർമാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും മറ്റും പദ്ധതിയുടെ ആരംഭത്തില്‍തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഗുണഭോക്തൃസമിതി വിളിച്ച് ചേര്‍ത്ത്, വെള്ളം വിതരണം ചെയ്യാന്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
അടുത്തിടെ ബി.എം ബി.സി നിലവാരത്തില്‍ പൂര്‍ത്തിയാക്കിയ മുണ്ടിയെരുമ-കോമ്പയാര്‍-ഉടുമ്പന്‍ചോല റോഡ് നിര്‍മാണത്തിനിടെ പദ്ധതിയുടെ ജലവിതരണ പൈപ്പുകള്‍ നശിപ്പിച്ചെന്നും എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം, പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഗുണഭോക്തൃ കമ്മിറ്റി വര്‍ഷങ്ങളായുള്ള വൈദ്യുതി ബില്‍ ഒടുക്കിയിട്ടില്ലെന്നും ഗുണഭോക്താക്കളുടെ സഹകരണമില്ലാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.