വരൾച്ചയിൽ വലഞ്ഞ് ഹൈറേഞ്ച്
text_fieldsനെടുങ്കണ്ടം: വേനൽചൂടിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങി വറുതിയിലായതോടെ ഹൈറേഞ്ചിനെ വരൾച്ച ബാധിത പ്രദേശമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായി. കാർഷിക മേഖല അപ്പാടെ കരിഞ്ഞുണങ്ങി, നീർച്ചാലുകളും പുഴകളും തോടുകളും ചെക്ക് ഡാമുകളും കുഴൽ കിണറുകൾ പോലും വറ്റിവരണ്ടതോടെ ജനം വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. കൃഷി ഏതാണ്ട് പൂർണമായി കരിഞ്ഞുണങ്ങി നശിച്ചതോടെ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. ഹൈറേഞ്ചിലെ പ്രധാന താലൂക്കുകളായ ഉടുമ്പൻചോല, ദേവികുളം, പീരുമേട് തുടങ്ങിയ സ്ഥലങ്ങളിലാണ് വരൾച്ച അതി കഠിനമായി ബാധിച്ചിട്ടുള്ളത്. ഏലംകൃഷി ഏതാണ്ട് പൂർണമായും കരിഞ്ഞുണങ്ങി. ഇടവിള കൃഷികളായ കുരുമുളക്, കാപ്പി, പച്ചക്കറി തുടങ്ങിയവയെയെല്ലാം വേനൽ പ്രതികൂലമായി ബാധിച്ചു. കുളങ്ങളും കിണറുകളും മറ്റ് ജലസ്രോതസ്സുകളുമെല്ലാം വറ്റിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് ഹൈറേഞ്ച് നി വാസികൾ.
കാർഷിക മേഖലയുടെ ആശ്രയമായിരുന്ന മിക്ക ചെക്ക് ഡാമുകളും പൂർണമായും വറ്റി. ഉടുമ്പൻചോലയിൽ മാത്രം ഹെക്ടർ കണക്കിന് കൃഷിയാണ് ഇതുവരെ നശിച്ചത്. വൈദ്യുതി പ്രതിസന്ധിയും ജനജീവിതം ദുസഹമാക്കുന്നു. അടുത്ത സീസണിൽ കൃഷി പുനരുജ്ജീവിപ്പിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നാണ് കർഷകർ പറയുന്നത്. ഇതിനാൽ തന്നെ ഹൈറേഞ്ചിനെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് അടിയന്തര ധനസഹായം ഒരുക്കുവാൻ സർക്കാറും സ്പൈസസ് ബോർഡും തയ്യാറാകണമെന്നാണ് ഹൈറേഞ്ച് നിവാസികളുടെ ആവശ്യം. ഇതിനോടൊപ്പം മേഖലയിലെ മൊട്ടക്കുന്നുകൾക്കും പുൽമേടുകൾക്കും തീപിടിച്ചതോടെ കാട്ടുമൃഗങ്ങളും കൃഷിയിടങ്ങളിലേക്ക് ഇറങ്ങി നാശം വിതച്ചു തുടങ്ങി. കാലിവളർത്തൽ ഉപജീവനമാർഗ്ഗമാക്കിയിട്ടുള്ള കർഷകർക്ക് പുല്ല് ഇല്ലാത്തത് വൻ തിരിച്ചടിയാണ്. മുമ്പ് മഴനിഴൽ പ്രദേശമായി കണ്ടെത്തിയിരുന്ന മേഖലകളിൽ ഇപ്പോൾ കൊടും വരൾച്ചയ്ക്ക് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.