വ്യത്യസ്തമാമൊരു ബാര്‍ബര്‍ ഷോപ്പ്
text_fieldsനെടുങ്കണ്ടം: ഗ്രാമീണ മേഖലകളില്‍ പോലും എ.സി ഷോറൂമുകളോട് കൂടിയ ബ്യൂട്ടിപാര്‍ലറുകള്‍ കൂണുപോലെ മുളച്ചുപൊന്തുമ്പോള്‍ തികച്ചും വ്യത്യസ്തമായി ഹൈറേഞ്ചിലൊരു പരിസ്ഥിതി സൗഹൃദ ബാര്‍ബര്‍ ഷോപ്പ്. പൂർണമായി മുള കൊണ്ട് നിര്‍മിച്ചിരിക്കുന്നതാണ് ഈ പേരില്ലാകട. കടക്കുള്ളില്‍ വെളിച്ചം ലഭിക്കാന്‍ മേല്‍ക്കൂര മാത്രം പ്ലാസ്റ്റിക് ഷീറ്റാക്കി. കസേരയും ഉപകരണങ്ങളും ഒഴിച്ച് ബാക്കി ചുവരുകളെല്ലാം മുളയാണ്.
ബാര്‍ബർ ഷോപ്പുകള്‍ എല്ലാം അത്യാധുനിക ബ്യൂട്ടി സലൂണുകളും ബ്യൂട്ടി പാര്ലറുകളുമായി രൂപാന്തരപ്പെടുമ്പോള്‍ വേറിട്ട കാഴ്ചയാകുകയാണീ മുളകൊണ്ടുള്ള കട. വാത്തിക്കുടി പഞ്ചായത്തിലെ ബഥേലില്‍ ആലപ്പുഴ-മധുര ദേശീയപാതയോരത്താണ് ഏറെ കൗതുകമുള്ള ഈ കട. വലിയമുള വെട്ടിയെടുത്ത് പരമ്പരാഗത രീതിയായ തൈതല്‍ കൊത്തിയാണ് നിര്‍മാണം. അയല്‍വാസിയുടെ മുളകള്‍ മുറിച്ചെടുത്ത് വട്ടത്തില്‍ കോടാലി കൊണ്ട് കൊത്തിയെടുത്ത് പായപോലെ നിവര്‍ത്തി തൈതലാക്കിയാണ് ചുവര് നിര്‍മിച്ചിരിക്കുന്നത്.
കട്ടപ്പനയിലും മറ്റും പതിറ്റാണ്ടുകള്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന ഉല്ലാസ്, ബഥേലിലേക്ക് താമസം മാറിയതോടെയാണ് ഈ ബാംബൂ ഷോപ്പ് എന്ന ആശയം ഉടലെടുത്തത്. നിര്‍മാണചെലവ് കുറക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹാര്‍ദ കാഴ്ചപ്പാടാണ് തന്നെ ഇതിലേക്ക് നയിച്ചതെന്ന് ഉടമ ഉല്ലാസ് പറയുന്നു. സഹായത്തിനായി മൂന്ന് സുഹൃത്തുക്കളും ഒപ്പംകൂടി.
കൃത്യമായി പരിപാലിച്ചാല്‍ വര്‍ഷങ്ങളോളം കേടുകൂടാതെ നിലനില്‍ക്കുമെന്നാണ് ഉല്ലാസ് പറയുന്നത്. ഭാവിയില്‍ മേല്‍ക്കൂരയിൽ പനയോല മേയും. കൂടാതെ മുറ്റത്ത് തെങ്ങിന്‍തടികള്‍ മുറിച്ച് കുഴിച്ചിട്ട് ഇരിപ്പിടങ്ങള്‍ കൂടി ഒരുക്കി സമ്പൂര്‍ണ പരിസ്ഥിതി സൗഹാര്‍ദ ബാര്‍ബര്‍ ഷോപ്പ് ആക്കി മാറ്റുമെന്നും ഇദ്ദേഹം പറഞ്ഞു. ദിനേന സെല്‍ഫി എടുക്കാന്‍ തന്നെ ദേശീയപാതയോരത്തെ ഉല്ലാസിന്റെ കടയില്‍ നല്ല തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.