45 കിലോ ചന്ദനത്തടിയുമായി മുന്‍ പൊലീസ് കമാൻഡോ അംഗം പിടിയില്‍
text_fieldsനെടുങ്കണ്ടം: ലക്ഷക്കണക്കിന് രൂപയുടെ ചന്ദനവുമായി മോഷണസംഘത്തലവനും പൊലീസ് കമാൻഡോ വിങ്ങിലെ അംഗവുമായിരുന്ന യുവാവ് പിടിയില്‍. സംഘത്തിലെ നാലുപേര്‍ ഓടിമറഞ്ഞു.
കേരളത്തില്‍നിന്ന് മോഷ്ടിക്കുന്ന ചന്ദനം, പരുവപ്പെടുത്തിയശേഷം തമിഴ്നാട്ടില്‍ എത്തിച്ച് വില്പന നടത്തിവരുന്ന സംഘത്തിലെ തലവനും കമാൻഡോ വിങ്ങിലെ പൊലീസുകാരനുമായിരുന്ന തൊടുപുഴ ഉടുമ്പന്നൂര്‍ ചെരിവുപറമ്പില്‍ സ്വദേശി സുനീഷ് ചെറിയാനാണ് (36)വനംവകുപ്പിന്റെ പിടിയിലായത്. 45 കിലോയോളം ചന്ദനത്തടി, മോഷണം നടത്താന്‍ ഉപയോഗിച്ച വാക്കത്തി, കോടാലി, വാള് തുടങ്ങിയവയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
സന്യാസിയോട ചെരുവിള പുത്തന്‍വീട്ടില്‍ ഷിബുവിന്റെ വീടിന്റെ പിന്‍വശത്ത് ചന്ദനത്തടികള്‍ ചെത്തിയൊരുക്കുന്നതിനിടയിലാണ് പ്രത്യേക അന്വേഷണസംഘം സ്ഥലത്തെത്തുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് അഞ്ചംഗസംഘം ഓടിപ്പോയെങ്കിലും സംഘത്തലവനായ സുനീഷിനെ ഓടിച്ച് പിടിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഷിബു, തൂക്കുപാലത്തെ വര്‍ക്ക്ഷോപ് തൊഴിലാളി സച്ചു, തൂക്കുപാലം സ്വദേശി ബിജു, ഓട്ടോ തൊഴിലാളിയായ കണ്ണന് എന്ന അഖില്‍ എന്നിവര്‍ ഓടിമറഞ്ഞു. മുമ്പ് വെള്ളിമാടുകുന്നില്‍ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് അംഗമായിരുന്നു സുനീഷ്. സ്വഭാവദൂഷ്യം മൂലം ഇയാളെ സേനയില്‍നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇയാളുടെ പേരില്‍ ചന്ദനമോഷണം, അബ്കാരി കേസുകള്‍, മറ്റ് ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ പൊലീസ്, എക്സൈസ് സ്റ്റേഷനുകളില്‍ ഉള്ളതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. ചന്ദനമരം എവിടെനിന്ന് മുറിച്ചതാണെന്ന് വ്യക്തമായിട്ടില്ല. പിടിയിലായ സുനീഷിനെ തടി ചെത്താന്‍ മാത്രം വിളിച്ചതായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. സച്ചുവാണ് വിളിച്ചതെന്നും പറഞ്ഞു.
പട്ടയഭൂമിയിലെ ചന്ദനമരങ്ങള്‍ ആയിരുന്നു സംഘം പതിവായി കടത്തിയിരുന്നത്. മറയൂര്‍ കഴിഞ്ഞാല്‍ ഇടുക്കിയില്‍ ഏറ്റവുമധികം ചന്ദനമരങ്ങള്‍ വളരുന്നത് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പട്ടം കോളനി മേഖലയിലാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ നാളുകളില്‍ വ്യാപക ചന്ദനമോഷണ പരമ്പരയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞയാഴ്ചയിലും ചന്ദനമരം മോഷണം പോയതിനെത്തുടര്‍ന്ന് കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജോജി എം. ജേക്കബിന്റെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്താല്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടാക്കള്‍ ഷിബുവിന്റെ വീടിന് പിന്നിലുള്ളതായി മനസ്സിലായത്.
കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരായ നിഷാദ് പി.എസ്, അനില്‍ലാല്‍, അരുണ്‍ ജോയ്, ഷൈജു ഇ.എസ്, ജോബിന്. പി.എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. ചന്ദന മോഷണ മാഫിയയിലെ മറ്റ് അംഗങ്ങള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.