കുടിവെള്ള സ്രോതസ്സിൽ സർവത്ര മാലിന്യം
text_fieldsനെടുങ്കണ്ടം: നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. നാട്ടുകാർക്കും വേണ്ടേ ആ ബോധം. മാലിന്യം തള്ളാനുള്ളിടമാണ് എന്ന് തോന്നിക്കഴിഞ്ഞാൽ പുഴയാണെന്നൊന്നും നോക്കില്ല.
കൈയിൽ കിട്ടുന്നതെല്ലാം അവിടെ കൊണ്ടു തള്ളും. ഒടുവിൽ പുഴ പേരിനു മാത്രമാകും. അധികം വൈകാതെ കല്ലാർ പുഴയുടെ ഗതിയും അതുതന്നെയാകും. നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ജല അതോറിറ്റി വെള്ളം വിതരണം ചെയ്യുന്നതുമായ കല്ലാര്‍ പുഴയില്‍ ഇപ്പോൾ മാലിന്യം കുമിഞ്ഞുകൂടുകയാണ്. തൂക്കുപാലം ഭാഗത്താണ് ഏറെയും മാലിന്യം കുമിഞ്ഞിരിക്കുന്നത്.
ശുചിമുറി മാലിന്യവും അറവുമാലിന്യവും കോഴി മാലിന്യങ്ങളും കിടപ്പുരോഗികള്‍ ഉപയോഗിക്കുന്ന ഡയപ്പര്‍, സ്ത്രീകളും കുട്ടികളും ഉപയോഗിക്കുന്ന സാനിറ്ററി പാഡുകള്‍, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി കല്ലാര്‍ പുഴയിലേക്ക് വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. കൂടാതെ ഏലം തുടങ്ങിയ കൃഷികള്‍ക്ക് ഉപയോഗിക്കുന്ന മാരകമായ വിഷമരുന്നുകളുടെ ബോട്ടിലുകള്‍ പുഴയിലേക്ക് വലിച്ചെറിയുന്നതിനാല്‍ മത്സ്യങ്ങള്‍ പോലും ഇല്ലാത്ത അവസ്ഥയാണ്.
ഒഴുകിയെത്തുന്ന മാലിന്യം തൂക്കുപാലം ടൗണില്‍ ചെറിയ പാലത്തിനു സമീപത്ത് വന്നടിയുന്നതും ഏറെ വിനയാണ്.
കല്ലാര്‍ പുഴയിലെ വെള്ളം ഉപയോഗിച്ച് നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ താന്നിമൂട്ടില്‍ തടയണ നിർമിച്ച് നൂറുകണക്കിന് കുടുംബങ്ങളിലേക്ക് ജല അതോറിറ്റി വിതരണം ചെയ്യുന്നതും ഈ പുഴയിലെ ജലമാണ്. മഴക്കാലത്ത് ഒഴുകിയെത്തിയ മാലിന്യം പോലും ഇനിയും നീക്കം ചെയ്തിട്ടില്ല.
കൂട്ടാര്‍ മുതല്‍ കല്ലാര്‍ വരെയുള്ള ഭാഗത്ത് മാലിന്യം കെട്ടിനില്‍ക്കുകയാണ്. പാറക്കടവ് മുതല്‍ കല്ലാര്‍ വരെയുള്ള ഏകദേശം 25 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള പുഴ നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്. ഹോട്ടലുകളിലെ മാലിന്യവും ഈ പുഴയിലേക്കാണ് തുറന്നുവെച്ചിരിക്കുന്നത്.
കൂടാതെ രാത്രിയുടെ മറവില്‍ കല്ലാര്‍ പുഴയിലും സമീപത്തും കോഴി മാലിന്യം തള്ളുന്നതും പ്രദേശവാസികള്‍ക്കും പുഴയിലെ ജലം ഉപയോഗിക്കുന്നവര്‍ക്കും ഏറെവിനയാകുന്നു. മുമ്പും പല തവണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.