അരനൂറ്റാണ്ട് നീണ്ട നിയമപോരാട്ടം; കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി
text_fieldsനെടുങ്കണ്ടം: ലോവര്‍ പെരിയാര്‍ പദ്ധതിക്കായി കുടിയിറക്കപ്പെട്ടവര്‍ക്ക് അരനൂറ്റാണ്ടത്തെ നിയമപോരാട്ടത്തിനൊടുവിൽ ഭൂമിനല്കാന് സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
ലോവര്‍പെരിയാര്‍ പദ്ധതി പ്രദേശത്തുനിന്ന് 1971ല്‍ കുടിയിറക്കപ്പെട്ടവര്ക്കാണ് ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പകരം ഭൂമി വിതരണം ചെയ്യാന്‍ ഒരുങ്ങുന്നതെന്ന്്് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ചിന്നക്കനാല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ചിന്നക്കനാല്‍ മോണ്ട് ഫോര്‍ട്ട് സ്കൂളിന് സമീപത്തെ കൈയേറ്റം ഒഴിപ്പിച്ച മിച്ചഭൂമി വിട്ടുകൊടുക്കുന്നതിനാണ് സര്‍വേ നടപടി പൂര്‍ത്തിയാക്കിയത്.
ഒരു കുടുംബത്തിന് 15 സെൻറ് ഭൂമി വീതമാണ് കൈമാറുക. ഇതിനായി അളന്നുതിരിച്ച 42 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ഭൂമി നല്‍കും. അപേക്ഷകരില്‍ ചിലര്‍ മരണപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. ഇവരുടെ അവകാശികള്‍ മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഭൂമി വിട്ടുകൊടുക്കാൻ നടപടി ആരംഭിക്കും.
ഉപാധിരഹിത പട്ടയമാവും വിതരണം ചെയ്യുക. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നതോടെ ഭൂമി വിതരണം ചെയ്യാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ലോവര്‍പെരിയാര്‍ പദ്ധതിക്കായി 1971ലാണ് പ്രദേശവാസികളെ കുടിയിറക്കിയത്. ഭൂമി വിട്ടുകൊടുത്ത 72 കുടുംബങ്ങള്‍ പകരം ഭൂമി ലഭ്യമായില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് ഭൂമി നല്കാന് ഹൈകോടതി ഉത്തരവിട്ടത്. ഭൂമി കണ്ടെത്തി വിതരണം ചെയ്യാന്‍ ജില്ല ഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.