മലയോര ഹൈവേ: ആദ്യ റീച്ച് നിർമാണത്തിൽ അപാകതയെന്ന്
text_fieldsനെടുങ്കണ്ടം: മലയോര ഹൈവേയുടെ ആദ്യ റീച്ച് നിർമാണത്തിൽ അപാകതകൾ ഏറെയെന്ന് ആക്ഷേപം. ലെവലിങ് പ്രവർത്തനങ്ങളും സംരക്ഷണഭിത്തികളും വേണ്ട രീതിയിൽ തീർക്കാതെയാണ് റോഡ് നിർമാണമെന്നാണ് ആരോപണം. നിർദിഷ്ട കമ്പംമെട്ട് - വണ്ണപ്പുറം മലയോര ഹൈവേ നിർമാണത്തിലാണ് അപാകതകൾ.
ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് മുതൽ എഴുകുംവയൽ - ആശാരിക്കവല വരെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മുണ്ടിയെരുമ മുതൽ കല്ലാർ വരെ ദൂരത്തെ ആദ്യഘട്ട ടാറിങിന് മുമ്പായി ചെയ്യേണ്ട ലെവലിംഗ് പ്രവർത്തനങ്ങളും സംരക്ഷണഭിത്തികളും വേണ്ട രീതിയിൽ തീർക്കാതെയാണ് നിർമാണമെന്നാണ്ആരോപണം. പല ഭാഗത്തും റോഡിന് മൂന്ന് മുതൽ അഞ്ച് അടി വരെ ഉയരം വർധിച്ചിട്ടുണ്ട്.
എന്നാൽ ഇവിടെ സംരക്ഷണ ഭിത്തികളോ മറ്റു സുരക്ഷ സംവിധാനങ്ങളോ ഒരുക്കിയിട്ടില്ല. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂന്നാംഘട്ടമായി നിർമിച്ച കല്ലാർ ഡൈവേർഷൻ ഡാമിന്റെ എൻക്രോച്മെന്റ് ഏരിയയിലൂടെയാണ് മുണ്ടിയെരുമ മുതൽ കല്ലാർ വരെ റോഡിന്റെ ഒരു ഭാഗം കടന്നു പോകുന്നത്.
കല്ലാർ പുഴക്ക് സമാന്തരമായി നീങ്ങുന്ന റോഡിൽ നിന്ന് മുമ്പ് പലതവണ വാഹനങ്ങൾ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് പതിച്ചിട്ടുണ്ട്. മുമ്പത്തേക്കാൾ റോഡ് ഉയർന്നതോടെ അപകടഭീഷണിയും വർധിച്ചിരിക്കുകയാണ്.
ഏഴ് മീറ്റർ ടാറിങ്ങും വഴിക്ക് ഇരുവശവും കോൺക്രീറ്റിങും ഉൾപ്പെടെ 10 മീറ്റർ വീതിയിലാണ് ഹൈവേ നിർമിക്കേണ്ടതെങ്കിലും മതിയായ വീതി ഇല്ലാതെയാണ് നിർമാണം പുരോഗമിക്കുന്നത്. വലിയ വളവുകളുള്ള ചില ഭാഗങ്ങളിൽ ടാറിങ്ങിന് മാത്രമുള്ള വീതിയാണ് റോഡിൽ ഉള്ളത്.
മതിയായ വീതി കണ്ടെത്താതെയും ഓടകൾ നിർമിക്കാതെയും അശാസ്ത്രീയമായാണ് ഈ ഭാഗങ്ങളിൽ റോഡ് നിർമിക്കുന്നത്. കൂടാതെ വർഷങ്ങൾക്കു മുമ്പ് നിർമിച്ച പഴയ കലുങ്കുകൾ പുതുക്കി പണിതിട്ടില്ല. റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതികൾ നൽകി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.