നായ മൂലം പുലിവാല് പിടിച്ച് നെടുങ്കണ്ടം പഞ്ചായത്ത്
text_fieldsനെടുങ്കണ്ടം: പഞ്ചായത്ത് വാഹനം കയറിയിറങ്ങി തെരുവു നായുടെ കാലുകൾ തകർന്ന സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് പുലിവാല് പിടിച്ചു. അവശതയിലായ നായ്ക്ക് അധ്യാപികയും വീട്ടമ്മയും പൊതുപ്രവർത്തകനുമാണ് രക്ഷകരായി എത്തിയത്. താൽക്കാലികമായി സംരക്ഷിക്കാൻ പൊതുപ്രവർത്തകനായ പി.വി. അനിൽകുമാർ നായെ വീട്ടിൽ കൊണ്ടുപോയിരുന്നു.
വിവരമറിഞ്ഞ തൊടുപുഴയിലെ ആനിമൽ റസ്ക്യൂടീം പഞ്ചായത്തിനോട് നായെ എത്രയും വേഗം ചികിത്സിക്കുകയോ തൊടുപുഴയിൽ എത്തിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ടു.
പഞ്ചായത്തധികൃതർ അനിലിന്‍റെ വീട്ടിലെത്തി നായെ ജീപ്പിൽ കയറ്റിക്കൊണ്ട് പോയെങ്കിലും പാതിവഴിയിൽ നായ് ചാടിപ്പോയി. എന്നാൽ, നായ് രാത്രിയിൽ അനിലിന്‍റെ വീട്ടിൽ മടങ്ങിയെത്തി.
ക്ഷുഭിതരായ റെസ്ക്യൂ ടീം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നായെ തൊടുപുഴയിൽ എത്തിക്കണമെന്ന് നിർദേശിച്ചു.
അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും റെസ്ക്യൂ ടീം ജില്ല കോഓഡിനേറ്റർ ഓമന ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഒടുവിൽ പഞ്ചായത്ത് നായെ തൊടുപുഴയിൽ എത്തിക്കുകയായിരുന്നു.
പഞ്ചായത്ത് വാഹനം കയറിയിറങ്ങി രണ്ട് കാലിലെയും അസ്ഥി പൊട്ടിയ നായ് തൊടുപുഴ റെസ്ക്യു ടീമിന്‍റെ സംരക്ഷണയിൽ സുഖം പ്രാപിച്ചു വരുന്നു. തിങ്കളാഴ്ച നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിലാണ് പഞ്ചായത്ത് വാഹനം നായുടെ കാലിൽ കയറിയത്.
രക്തം ഒഴുകി റോഡിൽ അവശനിലയിൽ കിടന്ന തെരുവ് നായെ അധ്യാപികയായ ഷീബ ജോസഫ്, നെടുങ്കണ്ടം സ്വദേശിനി സുലോചന, പ്രദേശവാസികളായ പി.വി. അനിൽകുമാർ, പ്രശാന്ത് മോഹൻ എന്നിവരാണ് നെടുങ്കണ്ടത്തെ മൃഗാശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.