സംയോജിത ശിശുവികസന സേവനം: കേന്ദ്രം സഹായം നിര്‍ത്തി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ബാധ്യത
text_fieldsനെടുങ്കണ്ടം: കൗമാരക്കാരായ പെണ്‍കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും ശാക്തീകരണത്തിനുമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'സബല'ക്കുള്ള ധനസഹായം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യത.
അംഗൻവാടികള്‍ വഴി ഐ.സി.ഡി.എസ് മുഖാന്തരമാണ് സംയോജിത ശിശുവികസന സേവന (സബല) പദ്ധതിയും കേന്ദ്ര സഹായത്തോടെയുള്ള മറ്റ് പദ്ധതികളും നടപ്പാക്കിയിരുന്നത്. കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് സബല പദ്ധതികളുടെ ധനസഹായം നിര്‍ത്തലാക്കാന്‍ കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് നല്കിയ വിശദീകരണം.
മുലയൂട്ടുന്ന അമ്മമാര്‍, ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ആറുമാസം പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്ക് നല്കുന്ന പോഷകാഹാര പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായവും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു.
ഇതോടെ കോവിഡ് കാലത്ത് പഞ്ചായത്തുകള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ്. പോഷകാഹാര വിതരണ പദ്ധതികള്‍ക്ക് പഞ്ചായത്ത് സ്വന്തമായി തുക കണ്ടെത്തേണ്ടിവരും. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം 15നും 19 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ 26.4 ശതമാനം പേര്‍ക്ക് വിളര്‍ച്ചയും 13.5 ശതമാനം പേര്‍ക്ക് ഗുരുതര രീതിയില്‍ തൂക്കക്കുറവുമുണ്ടെന്ന് കണ്ടെത്തിയതിെൻറ ഭാഗമായാണ് സബല പദ്ധതി ആവിഷ്കരിച്ചത്.
11 മുതല്‍ 18 വയസ്സുവരെയുള്ള പെണ്‍കുട്ടികളെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ച് വിവരങ്ങള്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കാന്‍ അംഗൻവാടികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ദിവസം 600 കലോറിയും 18-20 പ്രോട്ടിനും ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ മാസത്തില്‍ രണ്ടുപ്രാവശ്യമായി 25 ദിവസത്തേക്ക് വിതരണം ചെയ്യണമെന്നായിരുന്നു നിര്‍ദേശം.
ഗോതമ്പ്, ശര്‍ക്കര, റാഗി, അവല്, കടല ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നത്. അംഗൻവാടികളുടെ പരിധികളിലുള്ള കൗമാരക്കാരുടെ തൂക്കക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ശേഖരിച്ചശേഷം മുന്‍ഗണന ക്രമത്തിലാണ് ഇപ്പോൾ പോഷകാഹാര വിതരണം. 2017ല്‍ സബല പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.