ഡീലേഴ്സ് ബാങ്കിൽ നിക്ഷേപകർ ഇരിപ്പ് സമരം തുടങ്ങി
text_fieldsനെടുങ്കണ്ടം: മുന്‍ ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് കോടികള്‍ വെട്ടിച്ച ഇടുക്കി ഡീലേഴ്സ് സഹകരണ ബാങ്കില്‍ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വയോധികരും വിധവകളുമടങ്ങുന്ന നിക്ഷേപകര്‍ പണത്തിനായി ബാങ്കില്‍ ഇരിപ്പ് സമരം തുടങ്ങി.
മുന്‍ ഭരണ സമിതിയും ചില ജീവനക്കാരും ചേര്‍ന്ന് 3.66 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയിലാണ് നിക്ഷേപകര്‍ ഇരുപ്പ് സമരം ആരംഭിച്ചത്. ദിനേന അഞ്ചും ആറും നിക്ഷേപകരാണ് ഇരിപ്പ് സമരത്തില്‍ പങ്കെടുക്കുന്നത്.
നിക്ഷേപകര്‍ രാവിലെ എത്തി വൈകുന്നേരമാണ് മടങ്ങുന്നത്. മുതലിലോ പലിശയിലോ ഒരു രൂപ പോലും തരുന്നില്ലെന്നാണ് ഇവരുടെ പരാതി. നെടുങ്കണ്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇടുക്കി ഡീലേഴ്സ് സഹകരണ ബാങ്കിലാണ് നിക്ഷേപകര്‍ കുറെ ദിവസമായി പ്രതിഷേധം ഇരിക്കുന്നത്.
പണം ഉടൻ തിരികെ നല്‍കാമെന്ന സ്ഥിരം പല്ലവിയാണ് ഓരോ തവണയും നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. ഓരോ അവധിക്കും ബാങ്കില്‍ എത്തുമ്പോള്‍ അടുത്ത അവധി പറഞ്ഞ് മടക്കും. മാത്രമല്ല പലപ്പോഴും സെക്രട്ടറിയും ഉത്തരവാദിത്തപെട്ട ജീവനക്കാരും പുതിയ ഭരണ സമിതിയിലെ അംഗങ്ങളും ബാങ്കില്‍ ഉണ്ടാവാറില്ല. സെക്രട്ടറിയെ വിളിച്ചാല്‍ ഫോണ്‍ എടുക്കാറുമില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. സെക്രട്ടറി വൈകീട്ട് ആറോടെയാണ് ബാങ്കില്‍ എത്തുന്നത്. ഇതോടെയാണ് നിക്ഷേപകരില്‍ ചിലര്‍ പ്രതിഷേധവുമായി രാവിലെ ബാങ്കില്‍ എത്തി വൈകിട്ട് മടങ്ങിതുടങ്ങിയത്.
പണം തട്ടിപ്പ് കേസില്‍ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ചതാണ് വനിത സെക്രട്ടറി.
നെടുങ്കണ്ടം താന്നിമൂട് സ്വദേശിയായ 87 കാരി ഇന്ദിര സദാനന്ദന് രണ്ടര വര്‍ഷം മുമ്പാണ് മൂന്നര ലക്ഷം രൂപ ഡീലേഴ്സ് ബാങ്കിന്റെ നെടുങ്കണ്ടത്തെ ശാഖയില്‍ നിക്ഷേപിച്ചത്. മറ്റൊരു ബാങ്കില്‍ നിക്ഷേപിച്ച പണം കൂടുതല്‍ പലിശ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് ഇവിടെക്ക് മാറ്റിക്കുകയായിരുന്നു. നിലവില്‍ മുതലിനും പലിശക്കുമായി ഈ വയോധിക ബാങ്കില്‍ കയറി ഇറങ്ങുകയാണ്. മറ്റൊരു വീട്ടമ്മയുടെ സര്‍വീസിലുണ്ടായിരുന്ന ഭര്‍ത്താവ് മരിച്ചപ്പോള്‍ ലഭിച്ചപ്പോൾ ലഭിച്ച അഞ്ച് ലക്ഷവും ചിട്ടി ചേര്‍ന്ന 1.5 ലക്ഷവും, മകളുടെ 40000 രൂപയും ഉള്‍പ്പെടെ ഒമ്പത് ലക്ഷത്തോളം രൂപ ഇവിടെ നിന്ന് ലഭിക്കാനുണ്ട്.
മക്കളുടെ പേരില്‍ മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങിയ തുകക്ക് 11 ശതമാനം പലിശതരാമെന്ന് പറഞ്ഞ പ്രലോഭിപ്പിച്ച് വാങ്ങിയ തുകയാണിത്. 30 തവണ എങ്കിലും ബാങ്കില്‍ കയറിയിറങ്ങിയിട്ടും ഫലമില്ല.
പ്രതിമാസം 5000 രൂപ വീതമെങ്കിലും നല്കാന് ആവശ്യപ്പെട്ടിട്ടും ബാങ്കധികൃതര്‍ തയാറാവുന്നില്ലെന്നാണ് ഈ വിധവയുടെ പരാതി. ഭര്‍ത്താവ് മരിച്ച മറ്റൊരു സ്ത്രീ വിദേശത്ത് പോയി അധ്വാനിച്ച 26 ലക്ഷം രൂപയാണ് നഷ്ടമായത്. നടക്കാന്‍ വയ്യാത്ത പലരും വണ്ടിവിളിച്ചാണ് ദിവസവും ഇവിടെ എത്തുന്നത്.
അംഗങ്ങളുടെ അറിവും അനുവാദവുമില്ലാതെ അവരുടെ പേരില്‍ ഗ്രുപ്പ് നിക്ഷേപ പദ്ധതി തുടങ്ങിയും വ്യാജ ഒപ്പുകള്‍ രേഖപ്പെടുത്തിയും പദ്ധതിയുടെ അഡ്വാന്‍സ് തുക പിന്‍വലിക്കുകയും വായ്പയായി പിന്‍വലിച്ചും വിവിധ അക്കൗണ്ടുകളില്‍ തിരിമറി നടത്തിയും 4,52,23,000 രുപബാങ്കിന് നഷ്ടം വരുത്തിയതായി കണ്ടെത്തി കഴിഞ്ഞ വര്‍ഷം ജനുവരി 11ന് സമിതിയെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് വന്ന ഭരണസമിതിയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.