ഈ സ്റ്റേഡിയം കായികതാരങ്ങൾക്കോ ?
text_fieldsനെടുങ്കണ്ടം: കോടികള്‍ മുടക്കി അന്താരാഷ്ട്ര നിലവാരത്തില്‍ നെടുങ്കണ്ടത്ത് നിർമിച്ച ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയം ഉദ്ഘാടനം നടത്തി ഒരു മാസം പിന്നിട്ടപ്പോഴേക്കും പുല്ലുകള്‍ പൂർണമായി ഉണങ്ങി നശിച്ചു. കായിക താരങ്ങള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ താങ്ങാനാകാത്ത ഫീസും നൽകണം.
ലക്ഷങ്ങള്‍ ചെലവഴിച്ച് നട്ട ബര്‍മുഡ ഗ്രാസ് ഏതാണ്ട് മുഴുവനായി ഉണങ്ങി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ സംരക്ഷണം സുഗമമായി നടക്കുന്നില്ലെന്നാണ് ആക്ഷേപം. സ്റ്റേഡിയം നടത്തിപ്പിന് തെരഞ്ഞെടുത്ത കമ്മിറ്റിയില്‍ കായികാധ്യാപകരോ താരങ്ങളോ ഇല്ലാതെ രാഷ്ട്രീയക്കാരാണെന്നാണ് പൊതുവെയുള്ള ആരോപണം. മാത്രവുമല്ല ഇവര്‍ നിശ്ചയിച്ച തുക ‘ഹൈ’ റേഞ്ചിലുമാണ്.
അന്തരീക്ഷ താപനില മനസിലാക്കി സ്വയം പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്ലറാണ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരം സെന്‍സറുകള്‍ ഘടിപ്പിച്ച 30ഓളം സ്പ്രിംഗ്ലര്‍ സ്റ്റേഡിയത്തിലുണ്ട്. ആറ് ഏക്കര്‍ വരുന്ന സ്റ്റേഡിയം വളപ്പില്‍ തന്നെ യഥേഷ്ടം വെള്ളം ലഭിക്കുന്ന കുളവും മോട്ടോറും പൂര്‍ണ സജ്ജമാണ്.
എന്നാല്‍ സ്പ്രിംഗ്ലറിലേക്കുള്ള ഏതാനും വയറിങ് മാത്രം പൂര്‍ത്തിയാക്കിയിട്ടില്ല. കിറ്റ്കോ നിയോഗിച്ച കരാറുകാരനാണ് പുല്ലിന്റെ സംരക്ഷണ ചുമതലയെങ്കിലും അധികൃതര്‍ പണം പൂര്‍ണമായി നല്കാത്തതിനാല് കരാറുകാര്‍ പണികള്‍ പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു.
പുല്ല് നനക്കുന്നതിനും പരിചരിക്കുന്നതിനും ഒരാളെ താല്‍ക്കാലികമായി നിയമിച്ചിരിക്കുന്നത് പ്രതിഫലം നല്‍കാതെയാണ്.
സാധാരണ സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ നനക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സ്റ്റേഡിയത്തിലെ പുല്ലുകള്‍ ഒരു തവണ നനക്കാന്‍ രണ്ട് ദിവസമെങ്കിലും വേണമത്രെ. സെന്‍സര്‍ സംവിധാനത്തോടെയുള്ള സ്പ്രിംഗ്ലര്‍ പ്രവര്‍ത്തന ക്ഷമമായാല്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പുല്ല് മുഴുവനായും നനക്കാന്‍ സാധിക്കും. സ്പ്രിംഗ്ലറുകള്‍ പ്രവര്‍ത്തന ക്ഷമമായില്ലെങ്കില്‍ ഇനിയും ലക്ഷങ്ങള്‍ ചെലവാക്കി പുല്ല് വച്ചു പിടിപ്പിക്കേണ്ടി വരും.
14 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ച് നിര്‍മിച്ച 400 മീറ്റര്‍ ട്രാക്കും ഇവിടെയുണ്ട്. ജില്ലയിലെ കായിക താരങ്ങള്‍ക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിന് സൗകര്യം ഒരുക്കുന്നതിനോടൊപ്പം സ്കൂള്‍ മീറ്റുകളും മറ്റ് സംസ്ഥാന, ദേശീയ മത്സരങ്ങളും സ്റ്റേഡിയത്തില്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.