തടസ്സങ്ങള്‍ നീങ്ങി; കല്ലാറിലെ മിനി വൈദ്യുതി ഭവന് 24ന് പ്രവര്‍ത്തനം ആരംഭിക്കും
text_fieldsനെടുങ്കണ്ടം: നിര്‍മാണം പൂര്‍ത്തയായി ഒരുവര്‍ഷം പിന്നിട്ടിട്ടും വിവിധ കാരണങ്ങളാൽ ഉദ്ഘാടനം വൈകിയ കല്ലാറിലെ മിനി വൈദ്യുതി ഭവന്റെ ഉദ്ഘാടനം ഈമാസം 24ന് നടക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
രണ്ടുകോടി 20 ലക്ഷം മുടക്കിയാണ് നിര്‍മാണം. നെടുങ്കണ്ടത്തും കല്ലാറിലുമായി ചിതറിക്കിടക്കുന്ന വൈദ്യുതി വകുപ്പിന്റെ നാലോളം ഓഫിസുകളുടെ പ്രവര്‍ത്തനം ഇനി ഒരു കുടക്കീഴിലാക്കും. പരിമിതമായ സൗകര്യത്തില്‍ നെടുങ്കണ്ടം കായിക സ്റ്റേഡിയം ബില്‍ഡിങ്ങിൽ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ഓഫിസ്, കല്ലാര്‍ ചേമ്പളത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്സ്മിഷന് ഓഫിസ്, കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്സ്മിഷന് സബ്ഡിവിഷന് ഓഫിസ് തുടങ്ങിയവയാണ് മിനി വൈദ്യുതി ഭവനിലേക്ക് പറിച്ചുനടുക.
കല്ലാര്‍ ഡാമിന് സമീപത്ത് വൈദ്യുതി വകുപ്പിന്റെ സ്ഥലത്താണ് മൂന്ന് നിലകളിലായി 2625 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍, സബ് ഡിവിഷന് എന്നീ ഓഫിസുകളും ഒന്നാം നിലയില്‍ ട്രാന്സ്മിഷന് ഓഫിസുകള്‍, സബ് ഡിവിഷന് ഓഫിസ് എന്നിവയും രണ്ടാം നിലയില്‍ ഗെസ്റ്റ് ഹൗസും കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയുമാണ് പ്രവര്‍ത്തിക്കുക.
1960ൽ കല്ലാർ ഡൈവേര്ഷൻ ഡാമിന്റെയും ടണലിന്റെയും നിര്‍മാണ കാലയളവിൽ ജീവനക്കാര്‍ക്ക് താമസിക്കാൻ പണികഴിപ്പിച്ച കെട്ടിടം പിന്നീട് വൈദ്യുതി സെക്ഷൻ ഓഫിസായി മാറ്റുകയായിരുന്നു. പിന്നീട് നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണിയോ നടത്തിയിരുന്നില്ല. ആദ്യം പണമടക്കുന്ന ഓഫിസായിരുന്നു. അന്ന് ഓഫിസ് കട്ടപ്പനയിലായിരുന്നു. 2001ലാണ് ഇവിടെ സെക്ഷൻ ഓഫിസ് ആരംഭിച്ചത്. മൂന്നാറിന് സമീപം രാജാപ്പാറമെട്ട വരെയായിരുന്നു ദൂരപരിധി. അവിടെനിന്നും മൂന്ന് ബസ് കയറിവേണമായിരുന്നു ഇവിടെ എത്താൻ.
2006 ഡിസംബർ 26നാണ് കല്ലാറിൽ സബ് സ്റ്റേഷൻ ആരംഭിച്ചത്. അന്നു മുതൽ സെക്ഷൻ ഓഫിസ് മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നു. ബിൽ അടക്കാനും വിവിധ ആവശ്യങ്ങള്‍ക്ക് അപേക്ഷ നല്‍കാനും മറ്റുമായി കിലോമീറ്ററുകൾ സഞ്ചരിച്ചുവേണമായിരുന്നു കല്ലാറിൽ എത്താൻ. ഇവിടെ എത്തുന്നവര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാനോ കൈക്കുഞ്ഞുങ്ങളുമായെത്തുന്നവര്ക്ക് വിശ്രമിക്കാനോ ടോയ്ലറ്റ് സംവിധാനമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല.
നെടുങ്കണ്ടം-കട്ടപ്പന റോഡിൽ കല്ലാറിനു സമീപം സംസ്ഥാനപാതയിൽനിന്നും അൽപം മാറിയായിരുന്നു ഓഫിസ് സ്ഥിതിചെയ്തിരുന്നത്. ഓഫിസിലേക്ക് വാഹനങ്ങൾ കടന്നുപോകാൻ സബ് സ്റ്റേഷൻ അധികൃതർ അനുവദിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഏറെ ദുരിതം വിതച്ചിരുന്നത്. ഇതിനെല്ലാം പരിഹാരമാരമായി സംസ്ഥാനപാതയോരത്താണ് പുതിയ ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.