മണ്ഡലവ്രതം ആരംഭിക്കാന്‍ ദിവസങ്ങൾ; അസൗകര്യങ്ങൾക്ക് നടുവിൽ കമ്പംമെട്ട് ഇടത്താവളം
text_fieldsനെടുങ്കണ്ടം: മണ്ഡലവ്രതം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കെ അസൗകര്യങ്ങൾക്ക് നടുവിൽ കമ്പംമെട്ട് ഇടത്താവളം. സര്‍ക്കാറും പഞ്ചായത്തും പതിവ് ശൈലിയില്‍ വാഗ്ദാനങ്ങള്‍ ചൊരിയുന്നുവെങ്കിലും അയ്യപ്പഭക്തരെ കാത്തിരിക്കുന്നത് ദുരിതങ്ങളാണ്. 2019ലെ ബജറ്റില്‍ തുക വകയിരുത്തിയിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി മൂലം തുടര്‍നടപടി ഉണ്ടായില്ല. 2022 ജനുവരിയില്‍ പദ്ധതിയുമായി വീണ്ടും രംഗത്തെത്തി.
ഇടത്താവളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ കരുണാപുരം പഞ്ചായത്തിന് ആദ്യഘട്ട തുക അനുവദിച്ചതിനെത്തുടര്‍ന്ന് കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനല്‍കിയ 20 സെന്റ് അടക്കം 65 സെന്റ് വാങ്ങി രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് നിര്‍മാണ പ്രവൃത്തിക്ക് ഫണ്ട് ലഭ്യമായിട്ടില്ലെന്നാണ് പഞ്ചായത്ത് പറയുന്നത്.
എന്നാല്‍, സ്ഥലത്ത് താൽക്കാലിക വിശ്രമകേന്ദ്രവും ശൗചാലയവും ഒരുക്കിയതായി പഞ്ചായത്ത് അവകാശപ്പെടുന്നുവെങ്കിലും സ്ഥിരമായി വെള്ളത്തിനും വെളിച്ചത്തിനും സൗകര്യം ഒരുക്കിയിട്ടില്ല. ഈ വര്‍ഷം 5,50,000 രൂപയുടെ പദ്ധതി അനുമതിക്കായി നല്കിയിട്ടുള്ളതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
എന്നാല്‍, കഴിഞ്ഞ ദിവസമാണ് യോഗം ചേര്‍ന്നത്. അത് പാസായി വരുമ്പോഴേക്കും ഈ മണ്ഡലകാലവും അവസാനിക്കും. താല്‍ക്കാലിക ശുചിമുറികള്‍ സ്ഥാപിക്കാന്‍ എല്ലാവര്‍ഷവും തീരുമാനമെടുക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല. ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഒരു ടോയ്ലറ്റാണ് ആകെയുള്ളത്.
ടൗണിലെ മാലിന്യം അനുദിനം നീക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. പാര്‍ക്കിങ് സൗകര്യങ്ങളുടെ കുറവും ദുരിതങ്ങള്‍ സമ്മാനിക്കുന്നു. അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ റോഡിനോട് ചേര്‍ന്നാണ് പാര്‍ക്ക് ചെയ്യുന്നത്.
ഇതുമൂലം പലസ്ഥാപനങ്ങളിലേക്കും ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതും ഇതരവാഹനങ്ങള്ക്ക് റോഡിലൂടെ സുഗമമായി കടന്നുപോകാന്‍ കഴിയാതെ വരുന്നതും പതിവാണ്. മഴവെള്ളം ഒഴുകിപ്പോകാന്‍ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. ഓടകള്‍ നിര്‍മിക്കുകയും റോഡിനോട് ചേര്‍ന്ന കോണ്‍ക്രീറ്റ് ചെയ്ത് പാര്‍ക്കിങ് സൗകര്യം ഒരുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.