കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാന ഹൈവേ; ആരോപണങ്ങൾ അന്വേഷിക്കാൻ വിജിലൻസ് എത്തി
text_fieldsനെടുങ്കണ്ടം: കമ്പംമെട്ട്- വണ്ണപ്പുറം സംസ്ഥാന ഹൈവേ നിർമാണം സംബന്ധിച്ച ആരോപണങ്ങളെപ്പറ്റി പഠിക്കാന്‍ വിജിലന്‍സ് സംഘമെത്തി. മഴയത്ത് നടത്തിയ ടാറിങ് രാവിലെ പൊളിഞ്ഞ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് വിജിലന്‍സ് സംഘം സ്ഥലം സന്ദര്‍ശിച്ചത്. തിരുവനന്തപുരത്തുനിന്ന് വിജിലന്‍സ് മേധാവി ഇ.കെ. ശ്രീജയുടെ നേതൃത്വത്തിൽ ആറംഗ സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുകയും പ്രദേശവാസികളില്‍നിന്ന് പരാതികള്‍ കേള്‍ക്കുകയും ചെയ്തത്.
സംസ്ഥാന ഹൈവേയുടെ നിര്‍മാണത്തിലെ പിഴവാണ് റോഡ് തകരാന്‍ കാരണണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയത്. മുണ്ടിയെരുമയില്‍ മാത്രമല്ല കമ്പംമെട്ട് മുതല്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാകുകയും പരാതി ഉയരുകയും ചെയ്ത മുഴുവന്‍ പ്രദേശങ്ങളും സന്ദര്‍ശിച്ച് അതത് പ്രദേശത്തെ നാട്ടുകാരില്‍നിന്ന് പരാതികള്‍ കേട്ടു. ഒപ്പം ടാറിങ് ഇളകിയ സ്ഥലത്തെ സാമ്പിളും പരിശോധനക്ക് ശേഖരിച്ചു.
നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച കിഫ്ബി അധികൃതര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച് സാമ്പിള്‍ ശേഖരിച്ചതിനു പുറമെയാണ് ശനിയാഴ്ച വിജിലന്‍സിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചത്. കമ്പംമെട്ട്- വണ്ണപ്പുറം പാതയുടെ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് തുടക്കം മുതല്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസം മഴയത്ത് ടാറിങ് നടത്തി പൊളിഞ്ഞ സാഹചര്യത്തിലുമാണ് അധികൃതരെത്തി റോഡില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചത്. നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയ പ്രദേശത്തെ സാമ്പിളുകളാണ് കിഫ്ബി ഉദ്യോഗസ്ഥരും വിജിലന്‍സും പരിശോധനക്കെടുത്തത്. മുണ്ടിയെരുമയില്‍ ബുധനാഴ്ച രാത്രിയില്‍ ശക്തമായ മഴയത്ത് നടത്തിയ ടാറിങ് വ്യാഴാഴ്ച രാവിലെ പൊളിഞ്ഞതില്‍ പ്രതിഷേധവുമായി മുണ്ടിയെരുമ നിവാസികള്‍ രംഗത്തെത്തിയതോടെയാണ് കിഫ്ബി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചത്.
കമ്പംമെട്ട്-വണ്ണപ്പുറം സംസ്ഥാന ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് മുതല്‍ എഴുകുംവയല്‍ ആശാരിക്കവല വരെയുള്ള ഭാഗത്തെ നിര്‍മാണമാണ് നടക്കുന്നത്. തൂക്കുപാലം വരെ ഭാഗത്തെ പണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. തൂക്കുപാലം ടൗണ്‍ മുതല്‍ കല്ലാര്‍വരെ ഭാഗത്തെ നിര്‍മാണമാണ് ക്രമക്കേടുകള്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രവൃത്തികള്‍ ആരംഭിച്ച് മാസങ്ങള്‍ ആയെങ്കിലും സര്‍ക്കാര്‍തലത്തില്‍ മേല്‍നോട്ടത്തിനായി ആരും നാഇതുവരെ എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.എന്നാല്‍, റോഡ് ഉറക്കാന്‍ കാലതാമസം നല്‍കാതെ ഒരു സംഘമാളുകള്‍ പൊളിച്ചതാണെന്നാണ് നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.