71ലും വായനയും ലൈബ്രറി രൂപവത്കരണവുമായി കൊച്ചറ ടി.പി
text_fieldsനെടുങ്കണ്ടം: വായന മരിക്കുന്നു എന്നത് തെറ്റിദ്ധാരണയെന്ന് തെളിയിക്കുകയാണ് എഴുത്തുകാരനും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ കൊച്ചറ ടി.പി. ആറു പതിറ്റാണ്ടായി വായിക്കുകയും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുകയുമാണ് കൊച്ചറ ടി.പി. എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന കരുണാപുരം മുങ്കിപ്പള്ളം തേക്കുംകാട്ടില്‍ ടി.പി. ജോസഫ്.
1974ല്‍ ആദ്യമായി ഗാഗുല്‍ത്ത എന്ന നോവലും തുടര്‍ന്ന് ഓർമകളെ വിട, കൂട്ടാര്‍ ഒഴുകുന്നു തുടങ്ങി 15 നോവലുകള്‍ എഴുതി ഇതിനോടകം പ്രസിദ്ധീകരിച്ചു. നാലെണ്ണം പണിപ്പുരയിലാണ്. ഗ്രാമങ്ങള്‍തോറും കയറി വായന മൂല്യവും പുസ്തക നന്മയും ജനങ്ങളിലെത്തിച്ച് വായനക്കും വായനശാലക്കുമായി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് ഈ 71കാരന്.
1964ല്‍ ഹൈറേഞ്ചിന്റെ കുടിയേറ്റ കാലത്ത് മന്തിപ്പാറയില്‍ ആരംഭിച്ച 373ാം നമ്പര്‍ ഗ്രാമീണ വായനശാലയുടെ ലൈബ്രേറിയനായിരുന്ന പിതാവ് ഫിലിപ്പിലൂടെയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്ന ടി.പി വായനയുടെ ലോകത്ത് എത്തുന്നത്. 1999ല്‍ വീടിനോട് ചേര്‍ന്ന് ആരംഭിച്ച ഹെല്പ് യു വിമന്‍സ് ലൈബ്രറിയില്‍ ഇപ്പോള്‍ 500ലധികം അംഗങ്ങളും 9500 പുസ്തകങ്ങളുമുണ്ട്.
ഉടുമ്പന്‍ചോല താലൂക്കിലെ 78 ലൈബ്രറികളില്‍ നിര്‍ജീവമായത് പുനരുജ്ജീവിപ്പിച്ചതടക്കം 42 വായനശാലകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്കി. 1988 മുതല്‍ 2000 വരെ കരുണാപുരം പഞ്ചായത്ത് അംഗമായും 2000 മുതല്‍ 2005 വരെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗ്രേസിയാണ് ഭാര്യ. അല്‍ഫോന്‍സ ജോസ് (അധ്യാപിക), അനു മരിയ ജോസ് (അധ്യാപിക), അരുണ്‍ ജോസ് (കോഓപറേറ്റിവ് സൊസൈറ്റി കമ്പം) എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.