രാത്രി ബസില്ല; യാത്രക്കാർ കടത്തിണ്ണയിൽ
text_fieldsനെടുങ്കണ്ടം: രാവിലെ എറണാകുളത്തിനും കോട്ടയത്തിനും പോകുന്ന യാത്രക്കാര്‍ രാത്രിയില്‍ തിരികെ വീട്ടിലെത്താന്‍ ബസ് ഇല്ലാതെ പാതിവഴിയില്‍ കടത്തിണ്ണയില്‍ കഴിച്ചുകൂട്ടുന്ന ദുരിതത്തിന് ഇനിയും അറുതിയായിട്ടില്ല.
അതിരാവിലെ ഈ സ്ഥലങ്ങളിലേക്ക് പുറപ്പെടുന്നവർ തിരികെ വീട്ടില്‍ എപ്പോള്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് ഉറപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. നെടുങ്കണ്ടത്തെയും സമീപ ഉള്‍നാടന്‍ പ്രദേശങ്ങളിലെയും സാധാരണ ജനങ്ങള്‍ ചികിത്സക്കായി കോട്ടയം ഭാഗത്തേക്കും വ്യാപാര ആവശ്യങ്ങള്‍ക്കായി കൊച്ചിയിലേക്കുമാണ് കൂടുതലായും പോകുന്നത്. കട്ടപ്പനയില്‍ രാത്രി പത്ത് മണിയോടെ എത്തുന്നവര്‍ നെടുങ്കണ്ടത്തിന് ബസ് ഇല്ലാതെ കടത്തിണ്ണയില്‍ കഴിച്ചുകൂട്ടുകയാണ്. എന്നാല്‍, ഈ സമയത്ത് കട്ടപ്പനയില്‍ സര്‍വിസ് അവസാനിപ്പിക്കുന്ന നിരവധി കെ.എസ്.ആര്.ടി.സി ബസുകള്‍ ഉണ്ട്.
ഇവയിൽ ഒന്നോ രണ്ടോ ബസുകള്‍ നെടുങ്കണ്ടത്തേക്ക് നീട്ടിയാല്‍ യാത്രാക്ലേശം പരിഹരിക്കാനാവും. അതിരാവിലെ കോട്ടയം എറണാകുളം ഭാഗത്തേക്ക് പുറപ്പെടുന്ന ബസുകള്‍ ഉച്ചക്ക് രണ്ടോടുകൂടി അവിടെ നിന്ന് പുറപ്പെടുന്നതാണ് നിലവിലുള്ള രീതി. ഈ ബസുകള്‍ ഏഴ് മണിയോടെ സർവിസ് അവസാനിപ്പിക്കുന്നു. വൈകീട്ട് അഞ്ചിന് ശേഷം കോട്ടയം,എറണാകുളം ഭാഗത്തുനിന്ന് നെടുങ്കണ്ടം ഭാഗത്തേക്ക് സർവിസ് ആരംഭിച്ചാല്‍ വിദ്യാർഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും വളരെയധികം ഉപകാരപ്രദമാവും.
നെടുങ്കണ്ടത്തുനിന്ന് കട്ടപ്പന വരെ പോകുന്നതിന് മൂന്ന് ബസ് റൂട്ടുകള്‍ (പാമ്പാടുംപാറ, തൂക്കുപാലം, ഇരട്ടയാര്‍) നിലവില്‍ ഉണ്ട്. ഇതില്‍ ഏതെങ്കിലും റൂട്ടില്‍ രാത്രി 10ന് ശേഷം നെടുങ്കണ്ടത്തിന് ബസ് സര്‍വിസ് ആരംഭിച്ചാല്‍ ആശ്വാസമാകുമെന്ന് യാത്രക്കാർ പറയുന്നു.
നെടുങ്കണ്ടത്തുനിന്ന് വൈകീട്ട് ആറിന് ശേഷം അടിമാലി ഭാഗത്തേക്കും രാത്രി ഏഴിന് ശേഷം കട്ടപ്പനയിലേക്കും പോകാനും ബസ് ഇല്ല. നേരത്തെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ദീര്‍ഘദൂര സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്നു. ഈ സർവിസുകള്‍ കെ.എസ്ആര്‍.ടി.സി ഏറ്റെടുത്തത് മുതലാണ് യാത്രക്കാർക്ക് പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ കഴിയാതായത്.
ഡിപ്പോയും നൽകുന്നത് നിരാശ
ഏറെ പ്രതീക്ഷയോടെ നെടുങ്കണ്ടത്ത് ഡിപ്പോ ആരംഭിച്ചെങ്കിലും പൂർണമായ തോതില്‍ അതിന്റെ പ്രയോജനം സാധാരണക്കാരന് ലഭിക്കുന്നില്ല. മാത്രവുമല്ല നെടുങ്കണ്ടത്തെ ഉള്‍പ്രദേശങ്ങളിലേക്ക് പകല്‍ സമയങ്ങളില്‍ പോലും കെ.എസ്.ആര്.ടി.സി കിട്ടാക്കനിയാണ്. കാല് നൂറ്റാണ്ടും അതിലധികവും ഒരേ റൂട്ടില്‍ മുടക്കം കൂടാതെ കൃത്യതയോടെ സ്വകാര്യബസുകള്‍ സര്‍വിസ് നടത്തി വിശ്വാസ്യത നേടിയ റൂട്ടുകളാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി മാറിയത്. തിരുവനന്തപുരം, കോഴിക്കോട്, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ഭാഗത്തേക്ക് ചില ഒറ്റപ്പെട്ട സർവിസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഒന്നോ ഒന്നരയോ മണിക്കൂര്‍ കൊണ്ട് വീട്ടില്‍ എത്തിച്ചേരാവുന്ന ദൂരത്തില്‍ അടിമാലിയിലോ കട്ടപ്പനയിലോ കമ്പത്തോ എത്തിച്ചേരുന്ന യാത്രക്കാര്‍ ഇവിടങ്ങളില്‍ മണിക്കൂറുകള്‍ ബസുകള്‍ കാത്തുനിൽക്കേണ്ട ഗതികേടിലാണ്. വര്‍ഷങ്ങളായി ജനങ്ങൾ ആവശ്യപ്പെടുന്നതാണ് കമ്പം ഭാഗങ്ങളിലേക്കുള്ള സർവിസ്. എന്നാൽ, അധികൃതർ കനിയുന്നില്ല. പല റൂട്ടുകളും വളരെ ആഘോഷപൂര്‍വം തുടങ്ങാറുണ്ടെങ്കിലും കുറഞ്ഞ നാളുകള്‍ക്ക് ശേഷം നിരത്തില്‍ കാണാറില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.