ലൈഫ് ഭവനപദ്ധതി താളംതെറ്റുന്നു
text_fieldsനെടുങ്കണ്ടം: ലാൻഡ് അസൈന്‍മെൻറ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്തതിനാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലൈഫ് ഭവനപദ്ധതി താളംതെറ്റുന്നു. അപേക്ഷകര്‍ക്ക് ഭൂമിയുടെ കൈവശാവകാശ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ആറ് മാസങ്ങള്‍ക്കുള്ളില്‍ ലാൻഡ് അസൈൻമെൻറ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കേണ്ടതാണ്. എന്നാല്‍, ജില്ലയിലെ ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി താലൂക്കുകളില്‍ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. കമ്മിറ്റികള്‍ ചേരാത്തതിനാല്‍ ലൈഫ് ഭവനപദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക്, കൃത്യസമയത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. കാഞ്ചിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളിലെയും 10 ചെയിന്‍, മൂന്ന് ചെയിന്‍ മേഖലകളിലെയും അപേക്ഷകരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അപേക്ഷകരില്‍ പലര്‍ക്കും ഇതുവരെയും പട്ടയം ലഭ്യമായിട്ടില്ല. കൈവശ രേഖ ലഭ്യമായില്ലെങ്കില്‍ ലൈഫ് ഭവനപദ്ധതിയിലൂടെ വീടെന്ന സ്വപ്നവും ഇല്ലാതാകും.
എല്‍.എ കമ്മിറ്റികള്‍ ചേരണമെന്ന് വിവിധ പഞ്ചായത്ത് ഭരണസമിതികള്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, കമ്മിറ്റികള്‍ ചേരാന്‍ വൈകുന്നതോടെ പട്ടയ നടപടികളും അനന്തമായി നീളുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.