വായ്പ തിരിച്ചടച്ചില്ലെന്ന്; വയോധികന്‍റെ വീട് ജപ്തി ചെയ്തു
text_fieldsനെടുങ്കണ്ടം: എട്ടുവര്‍ഷം മുമ്പ് 40 ലക്ഷം വായ്പയെടുത്ത വയോധികന് ഒരുകോടി ആറുലക്ഷത്തോളം കുടിശ്ശികയെന്നാരോപിച്ച് വീട് പൂട്ടി സീല്‍ചെയ്ത് കേരള ബാങ്ക് അധികൃതർ. നെടുങ്കണ്ടം ബ്ലോക്ക് നമ്പര്‍ 312ല്‍ രാമകൃഷ്ണന്‍ നായരുടെ (72) ഉടമസ്ഥതയിലുള്ള വീടും 1.60 സെന്‍റ് സ്ഥലവുമാണ് ജപ്തിചെയ്തത്. 1,00,05,217 രൂപ കുടിശ്ശികയെന്നാണ് ബാങ്കിന്‍റെ വാദം.
സംഭവത്തെക്കുറിച്ച് രാമകൃഷ്ണന്‍ പറയുന്നതിങ്ങനെ: ബാങ്ക് അധികൃതര്‍ ജപ്തി നടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ച പറഞ്ഞെങ്കിലും പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതിയില്ല. തിങ്കളാഴ്ച രാവിലെ ബാങ്ക് അധികൃതര്‍ ബാങ്കിലേക്ക് വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ ജപ്തി ചെയ്യാന്‍ പോവുകയാണെന്നും പൊലീസ്, റവന്യൂ അധികൃതര്‍ ഉടന്‍ വരുമെന്നും അറിയിച്ചു. മക്കളുടെ ഫോണുകളില്‍ വിളിച്ച് ബാങ്ക് അധികൃതര്‍ ജപ്തി വിവരങ്ങള്‍ പറഞ്ഞു. 15ദിവസം കൂടി അവധി തരണമെന്നും ജപ്തി ഒഴിവാക്കണമെന്നും പറഞ്ഞപ്പോള്‍ അരമണിക്കൂര്‍ സമയം നല്‍കാമെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഇതിനുശേഷമാണ് വീട്ടിലെത്തി മുന്‍വശത്തെ വാതില്‍ സീല്‍ ചെയ്തത്.
2014ല്‍ കൃഷി ആവശ്യത്തിന് സ്ഥലം വാങ്ങാനാണ് പുരയിടം പണയപ്പെടുത്തി വായ്പ എടുത്തത്. 28 ലക്ഷത്തോളം രൂപ പലിശ അടച്ചിട്ടുണ്ട്. സ്ഥലത്തില്‍നിന്ന് വരുമാനം ലഭിക്കാതെവന്നതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. 60 ദിവസത്തിനുള്ളില്‍ വീടും സ്ഥലവും നഷ്ടപ്പെടാതിരിക്കാന്‍ കുറച്ച് പണം അടക്കാനായുള്ള നെട്ടോട്ടത്തിലാണ്. എന്നാല്‍, ബാങ്ക് നിരവധിതവണ നോട്ടീസ് അയച്ചെന്നും വീട്ടിലെത്തി വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. വായ്പ പുതുക്കണമെന്ന് പറഞ്ഞിട്ടും വായ്പ എടുത്തയാള്‍ തയാറായില്ല. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തി നടത്തിയതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.