പൂട്ടുവീഴുമോ? നെടുങ്കണ്ടത്തെ സിവിൽ സപ്ലൈസ് ഗോഡൗണിന്
text_fieldsനെടുങ്കണ്ടം: സിവില്‍സപ്ലൈസിന്റെ ഗോഡൗണിന് താഴ് വീഴാന്‍ ഇനി എത്ര നാളെന്ന് ദിനങ്ങളെണ്ണി കഴിയുകയാണ് ഇവിടുത്തുകാർ. മാസം തോറും 60 ലോഡ് സാധനം വന്നിരുന്ന ഇവിടെ ഇപ്പോള്‍ അഞ്ചോ ആറോ ലോഡ് സാധനങ്ങൾ മാത്രമാണ് വരുന്നത്.
ഏഴ് ലോഡിങ് തൊഴിലാളികളിൽ അഞ്ച് പേര് ഇപ്പോള്‍ കൂലിപണിക്ക് പോകുകയാണ്. രാവിലെ വരുന്ന ലോഡിങ് തൊഴിലാളികള്‍ വൈകീട്ട് വരെ ലോഡ് വരുന്നതും കാത്തിരുന്നിട്ട് നിരാശരായി മടങ്ങുകയാണ്. പരിപ്പ്, ഉഴുന്ന്, ചെറുപയര്‍, കടല അരി തുടങ്ങി ശരാശരി 40 ലോഡ് സാധനങ്ങളെങ്കിലും വന്നിരുന്നതാണ്. ചില്ലറ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന പല കമ്പനികള്‍ക്കും സര്‍ക്കാര്‍ പണം നല്കാത്തതിനാല് വിതരണം നിര്‍ത്തിവെച്ചു. ഇതോടെ ലാഭം മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും സബ്സീഡി സാധനങ്ങള്‍ ഇല്ലാതായി.
ഉടുമ്പന്‍ചോല താലൂക്കിന് പുറമെ പീരുമേട്, ദേവികുളം താലൂക്കുകളിലെചെങ്കര, കുമളി, അണക്കര, പുറ്റടി, ഉപ്പുതറ, മാട്ടുക്കട്ട, ചപ്പാത്ത്, പള്ളിക്കുന്ന്, തങ്കമണി, ഉപ്പുതോട്, തോപ്രാംകുടി തുടങ്ങിയ ലാഭം, മാവേലി ഔട്ട്ലെറ്റുകൾക്ക് ഈ ഗോഡൗണില്‍ നിന്നാണ് സാധനങ്ങള്‍ എത്തിക്കുന്നത്. നിലവില്‍ ഒട്ട്ലെറ്റുകള്‍ എല്ലാം കാലിയായിതുടങ്ങി. ഓണത്തിന് വിതരണം ചെയ്ത സാധനങ്ങളുടെ പണം പോലും കമ്പനികള്‍ക്ക് നല്‍കിയിട്ടില്ല. സാധനങ്ങള്‍ നൽകിയ പല കമ്പനിക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ഓണത്തിന് മുമ്പ് വിതരണം ചെയ്ത ശര്‍ക്കരയുടെ പണവും ഇതുവരെ കൊടുത്തിട്ടില്ല. ഇവിടെ പഞ്ചസാര വരാതായിട്ട് ഒരു വര്‍ഷത്തോളമായി. കുത്തരി, ജയ അരി, ഉണ്ട അരി, വടി അരി, പച്ചരി തുടങ്ങിയവ ഒന്നും മാസങ്ങളായി വരുന്നില്ല.
നിത്യോപയോഗ സാധനങ്ങളും ഇല്ല. ഹോര്‍ലിക്സ്, ബൂസ്റ്റ്, എണ്ണ തുടങ്ങിയ വിവിധ ഇനങ്ങള്‍ നിലവില്‍ വരുന്നില്ല. ഇവ മാത്രം മുമ്പ് മാസത്തില്‍ 20 ലോഡ് വന്നിരുന്നു. അതും ഇല്ലാതായി. ചെറുപയര്‍, വന്‍പയര്‍, കടല, ഉഴുന്ന്, മുളക് എന്നിവ മാത്രമാണ് നിലവിലുള്ളത്. അതും കുറഞ്ഞ അളവില്‍ മാത്രം. മറ്റ് സാധനങ്ങള്‍ ഒന്നും തന്നെ മാസങ്ങളായി ഗോഡൗണില്‍ ഇല്ലാത്തതിനാല്‍ മാവേലി, ഭം മാര്ക്കറ്റുകളിലുമില്ല. മിക്ക ഔട്ട്ലെറ്റുകളും അമിത വാടകക്ക് എടുത്തിട്ടുള്ളവയാണ്. സാധനങ്ങള്‍ വില്‍പ്പന നടത്തിയാലും ഇല്ലെങ്കിലും ഭീമമായ തുക വാടക നല്‍കണം.
രാവും പകലും വ്യത്യാസമില്ലാതെ ഗോഡൗണിന് ചുറ്റുമായി നിരവധി വാഹനങ്ങള്‍ ലോഡുമായി കാവല്‍ കിടന്നിരുന്ന ഇവിടെ ഇപ്പോള്‍ ഉത്സവം കഴിഞ്ഞ ഉത്സവപറമ്പ് പോലെയാണ്. കഴിഞ്ഞ ഓണത്തിന് ശേഷം ലോഡ് വന്നിട്ടില്ല. ക്രിസ്തുമസ്, വിഷു, ഈസ്റ്റര്‍, റമദാന് തുടങ്ങി വിശേഷ ദിവസങ്ങളിലൊന്നും സാധനങ്ങള്‍ വന്നിട്ടില്ല. ഈ സ്ഥാപനത്തെ ആശ്രയിച്ചിരുന്ന പലരുടെയും കുടുംബം പട്ടിണിയിലായി. മാവേലി സ്റ്റോറില്‍ പച്ചക്കറിവ്യാപാരം നടത്തിയിരുന്നവര്‍ ആളുകള്‍ വരാതായതോടെ അടച്ചുപൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.