മാർക്കറ്റോ അതോ മാലിന്യ കേന്ദ്രമോ...?
text_fieldsനെടുങ്കണ്ടം: കരുണാപുരം പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ തൂക്കുപാലം മാർക്കറ്റ് നിർമാണം പാതിവഴിയിൽ മുടങ്ങിയിട്ട് നാലര വർഷം. അതേസമയം, ലിഫ്റ്റ് നിർമാണത്തിനായി കുഴിച്ച കുഴി അവഗണനയുടെ സ്മാരകം കണക്കെ വെള്ളം കെട്ടിനിന്ന് കൊതുകുവളർത്തൽ കേന്ദ്രമായി മാറി.
സമീപത്തെ അംഗൻവാടിക്കും പ്രദേശവാസികൾക്കും മാർക്കറ്റിലെ വ്യാപാരികൾക്കും ഈ ലിഫ്റ്റ് കുഴി കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്ന കുഴിയിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. സമീപത്ത് താമസിക്കുന്ന കുടുംബത്തിലെ ഒരംഗത്തിന് ആഴ്ചകൾക്ക് മുമ്പ് ഡെങ്കിപ്പനി പിടിപെട്ടിരുന്നു. ഇതെല്ലാമായിട്ടും പഞ്ചായത്തിന് ഒരു കുലുക്കവുമില്ല. മധ്യകേരളത്തിലെ പഴക്കംചെന്ന മാർക്കറ്റുകളിലൊന്നാണ് തൂക്കുപാലം മാർക്കറ്റ്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഹൈടെക് മാർക്കറ്റ് നിർമിക്കാനെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ മുമ്പുണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി.
പരാതികളും പ്രതിഷേധവും ശക്തമായപ്പോൾ ഡീൻ കുര്യക്കോസ് എം.പി തറക്കല്ലിട്ട സ്ഥലത്ത് വീണ്ടും നിർമാണോദ്ഘാടനം നടത്തി. പുതിയ ഭരണസമിതി അധികാരത്തിൽ വന്ന ശേഷം 2020 ഫെബ്രുവരി 20ന് ഹൈടെക് മാർക്കറ്റ് നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
നാലര വർഷത്തിനുള്ളിൽ മാർക്കറ്റിന്റെ പേരിൽ രണ്ടുകോടി ഭരണസമിതി ലാപ്സാക്കിയതായും മാർക്കറ്റ് സമുച്ചയം നിർമാണം ആരംഭിക്കും മുമ്പേ ഭരണസമിതി ജില്ല പഞ്ചായത്തിൽനിന്നും 40 ലക്ഷം തട്ടിയെടുത്തതായും ആരോപണം ഉയർന്നിരുന്നു. ഏഴുകോടി മുടക്കിൽ നാല് നിലകളിലായി സമുച്ചയം നിർമിക്കാനായിരുന്നു പദ്ധതി. മത്സ്യ, മാംസ, പച്ചക്കറി സ്റ്റാളുകൾക്കായി പ്രത്യേക സൗകര്യങ്ങളോടെ നിർമാണം പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, മൂന്ന് വർഷമായി നിർമാണം പൂർണമായും നിലച്ചിരിക്കുകയാണ്. മൂന്ന് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ആദ്യ രണ്ട് നിലകളിൽ മത്സ്യ, മാംസ സ്റ്റാളുകളും പച്ചക്കറി വിൽപന ശാലകളും വാണിജ്യ സമുച്ചയം, 750 സീറ്റുള്ള ഓഡിറ്റോറിയം, ഡൈനിങ് ഹാൾ, അടുക്കള തുടങ്ങിയ സൗകര്യങ്ങൾ എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു.
മാർക്കറ്റിനോടനുബന്ധിച്ച് മാലിന്യ സംസ്കരണ പ്ലാന്റും വിശാലമായ പാർക്കിങ് സംവിധാനവും അടങ്ങുന്ന 36,000 ചതുരശ്ര അടിയിലുള്ള സമുച്ചയ നിർമാണം പൂർത്തീകരിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമീണ മാർക്കറ്റായി തൂക്കുപാലത്തെ മാറ്റുമെന്നായിരുന്നു പ്രഖ്യാപനം.
സിഡ്കോക്കായിരുന്നു നിർമാണ ചുമതല. കരുണാപുരം ഗ്രാമപഞ്ചായത്തിന്റെയും ജില്ല പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലായിരുന്നു നിർമാണം.
ആദ്യഘട്ടത്തില് രണ്ട് കോടിയുടെ നിർമാണമായിരുന്നു ലക്ഷ്യം. പഴയത് പൊളിച്ചുനീക്കുകയും ഹൈടെക് പാതിവഴിയിലുമായതോടെ തൂക്കുപാലം നിവാസികൾക്ക് മാർക്കറ്റില്ലാത്ത അവസ്ഥയായി. പകരം സംവിധാനങ്ങൾ ഒരുക്കാതെയാണ് അധികൃതർ മാർക്കറ്റ് സമുച്ചയം പൊളിച്ചുമാറ്റിയത്.
പൊതുമാർക്കറ്റിന്റെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്. പകർച്ചവ്യാധികൾ പടരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. പ്രദേശത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കുഷ്ഠരോഗവും കരുണാപുരം, പാമ്പാടുംപാറ, ഹെൽത്ത് സെന്ററുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കുടിയേറ്റകാലം മുതൽ ഹൈറേഞ്ചിലെ പ്രധാന മാർക്കറ്റാണ് തൂക്കുപാലം.
ചന്തദിവസം ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ആളുകളും വിവിധ ഉൽപന്നങ്ങളുമായി വ്യാപാരികളും ഇവിടെ എത്താറുണ്ട്. മനുഷ്യവിസർജ്യവും ആശുപത്രി മാലിന്യവും തള്ളാനുള്ള കേന്ദ്രമായി മാർക്കറ്റ് മാറിയിരിക്കുകയാണ്. മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്നു. ആശുപത്രികളിൽ രോഗികൾ ഉപയോഗിക്കുന്ന ഡയപ്പറുകൾ കുട്ടികളുടെ വിസർജ്യം പുരണ്ട പാമ്പേഴ്സുകൾ, ഉപയോഗിച്ച സിറിഞ്ചുകൾ എന്നിവക്ക് പുറമെ മത്സ്യ-മാംസ, പച്ചക്കറി- പഴവർഗങ്ങളുടെയും അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പ്രദേശം. മഴ പെയ്യുമ്പോൾ മാലിന്യം വെള്ളത്തിലൂടെ മാർക്കറ്റിലൂടെ ഒഴുകുന്നു. കൊതുകുകൾ പെരുകിയതിനാൽ പരിസരത്ത് നിൽക്കാനും പറ്റാതെയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.