മണ്ഡലകാലം വരവായി; കമ്പംമെട്ടില്‍ ഇത്തവണയും മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്ല
text_fieldsനെടുങ്കണ്ടം: ശബരിമല മണ്ഡലകാലം ആരംഭിക്കാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെ കേരള-തമിഴ്നാട് അതിര്‍ത്തി പട്ടണമായ കമ്പംമെട്ടില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ചെക്പോസ്റ്റ് ആരംഭിച്ചില്ല. മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക ആര്.ടി.ഒ ചെക്ക് പോസ്റ്റ് തുറക്കാന്‍ പോലും മോട്ടോര്‍ വാഹന വകുപ്പ് തയാറാകുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ പ്രവർത്തിച്ചിരുന്ന താൽക്കാലിക ചെക് പോസ്റ്റ് കഴിഞ്ഞവർഷം ഉണ്ടായിരുന്നില്ല. ചെക് പോസ്റ്റ് ഇല്ലാതിരുന്നതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് കമ്പംമെട്ടില്‍ കൂടി നികുതി വെട്ടിച്ച് കടന്നുപോയത്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിനുണ്ടായത്. പൊലീസ്, എക്സൈസ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ് ചെക്പോസ്റ്റുകള്‍ കമ്പംമെട്ടിലുണ്ട്. വാണിജ്യനികുതി വകുപ്പിന്റെ ചെക്പോസ്റ്റ് ജി.എസ്.ടി വന്നതോടെ നിര്‍ത്തലാക്കി. കഴിഞ്ഞ വര്‍ഷമാണ് കമ്പംമെട്ടില്‍ വാഹന വകുപ്പിന്റെ താല്‍ക്കാലിക ചെക് പോസ്റ്റ് നിര്‍ത്തിയത്.
തലേദിവസം അനുവദിച്ച ചെക്പോസ്റ്റിന് പിറ്റേന്ന് അനുമതി വിലക്കുകയായിരുന്നു. താൽകാലിക ചെക് പോസ്റ്റ് ആരംഭിക്കാന്‍ അനുമതി നല്കി ഷെഡ് നിര്‍മാണം പൂര്‍ത്തിയായപ്പോഴാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് വന്നത്. സർക്കാർ അനുമതി കിട്ടാതെ ചെക് പോസ്റ്റ് ആരംഭിക്കാന്‍ പാടില്ലെന്നാണ് ഡ്രാന്‍സ് പോര്‍ട്ട് ഡപ്യൂട്ടി കമീഷണറുടെ ഉത്തരവ് വന്നത്. തൊട്ടു മുന്‍വര്‍ഷം 75 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. ചെക് പോസ്റ്റ് ഇല്ലാത്തതിനാല്‍ ഇക്കുറി കമ്പംമെട്ടില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടില്ല. ഇതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റ്, ടാക്സ്, സെസ്സ് തുടങ്ങിയവ പരിശോധിക്കാനും ഇവ ഈടാക്കാനും സാധിക്കില്ല.
ഇതോടെ ഈ തീര്‍ഥാടന കാലത്ത് നികുതിയിനത്തില്‍ കേരളത്തിന് നഷ്ടമാവുക ലക്ഷങ്ങളാണ്. കോവിഡിന് മുമ്പ് ശബരിമല തീര്‍ഥാടന കാലത്ത് താത്കാലിക ആര്.ടി.ഒ ചെക്ക്പോസ്റ്റിലൂടെ 2.8 കോടി രൂപ വരെ നികുതി പിരിച്ചെടുത്തിരുന്നു. അതിര്‍ത്തി മേഖലയില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥിരം സാന്നിധ്യം ഇല്ലാത്തതിനാല്‍ സേഫ് സോണ്‍ പദ്ധതിയും അവതാളത്തിലായി. മൂന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മൂന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, പ്യൂണ്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരുന്നത്. സാധാരണ ശബരിമല സീസണില്‍ മാത്രമാണ് കമ്പം മെട്ടില്‍ വാഹന വകുപ്പ് താല്‍ക്കാലിക ചെക് പോസ്റ്റ് പ്രവര്‍ത്തിക്കാറുള്ളത്. ദിനേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഇവിടെ മോട്ടോര്‍ വാഹന വകുപ്പിന് സ്ഥിരം ചെക് പോസ്റ്റ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.