എൻ.സി.സി ബറ്റാലിയന് ക്യാമ്പ് ഓഫിസ് നെടുങ്കണ്ടത്തിന് നഷ്ടമാകാന്‍ സാധ്യത
text_fieldsനെടുങ്കണ്ടം: എട്ടുവര്‍ഷമായി നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ എന്‍.സി.സി ബറ്റാലിയന് നെടുങ്കണ്ടത്തിന് നഷ്ടമാകുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് സ്റ്റേഡിയം കോംപ്ലക്സില്‍ നിന്ന് മാറണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നല്‍കുകയും ഇവിടെ മറ്റൊരിടം ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. 2016 ആഗസ്റ്റില്‍ നെടുങ്കണ്ടത്ത് പ്രവര്ത്തനമാരംഭിക്കാനായി നെടുങ്കണ്ടം പഞ്ചായത്ത് സൗജന്യമായി നല്കിയ കായിക സ്റ്റേഡിയം കോംപ്ലക്സിലാണ് എന്‍.സി.സി പ്രവര്‍ത്തിക്കുന്നത്.
സ്റ്റേഡിയത്തില്‍ മത്സരങ്ങൾ നടക്കുമ്പോള്‍ കുട്ടികള്‍ക്കും മറ്റും താമസിക്കുന്നതിനാണ് ഇവരോട് മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍.സി.സിക്കുപുറമേ കെ.എസ്.ആര്.ടി.സി, കെ.എസ്.ഇ.ബി എന്നിവര്‍ക്കും മുറികള്‍ ഒഴിഞ്ഞുകൊടുക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.എസ്.ഇ.ബിക്കും, കെ.എസ്.ആര്.ടി.സിക്കും സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ട്. കോട്ടയം ഗ്രൂപ്പിന് കീഴിലെ എട്ടാമത് ബറ്റാലിയനാണ് നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്നത്.
2012ലാണ് 33 കേരള എന്‍.സി.സി ബറ്റാലിയന് എന്ന പേരില്‍ ക്യാമ്പ് നെടുങ്കണ്ടത്ത് അനുവദിച്ചത്. ലഫ്റ്റനന്റ് കേണല്‍ പദവിയുളള കമാന്‍ഡിങ് ഓഫിസര്‍, കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ 15 വിദഗ്ധ പരിശീലകര്‍, 22 സായുധ സേനാംഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന്റെ 22 സിവില്‍ സ്റ്റാഫ് എന്നിവരടങ്ങിയതാണ് ബറ്റാലിയന്. 10 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു നെടുങ്കണ്ടത്ത് ബറ്റാലിയന് ആരംഭിച്ചത്. ഏകദേശം 2400 കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചിരുന്ന ബറ്റാലിയന്റെ പ്രവര്‍ത്തനമാണ് നെടുങ്കണ്ടത്ത് നിലക്കുന്നത്.
ഓഫിസിനായി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സില്‍ മൂന്ന് മുറികളും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കെട്ടിടത്തില്‍ രണ്ട് മുറികളുമാണ് പഞ്ചായത്ത് സൗജന്യമായി നല്‍കിയിട്ടുള്ളത്. നെടുങ്കണ്ടത്ത് സ്ഥലസൗകര്യമില്ലാതായതോടെ ജില്ലയിലെ മറ്റേതെങ്കിലും പഞ്ചായത്തിലേക്ക് പറിച്ചുനടാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.