വീണ്ടും ഉപസമിതി; പരിഹാരമില്ലാതെ നെടുങ്കണ്ടത്തെ ഗതാഗതക്കുരുക്ക്
text_fieldsനെടുങ്കണ്ടത്ത് അഞ്ച് ദിവസത്തിനിടെ അപകടത്തിൽ മരിച്ചത് രണ്ട് പേർ
നെടുങ്കണ്ടം: സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടം പട്ടണത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് ഉപസമിതി രൂപവത്കരിച്ചു. പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് യോഗം പ്രഹസനമാക്കിയതിൽ പരാതികളും പ്രതിഷേധവും. നെടുങ്കണ്ടം പട്ടണത്തില്‍ അഞ്ചുദിവസത്തിനിടെ വാഹനാപകടങ്ങളില്‍ രണ്ടുപേർ മരിച്ചിട്ടും തീരുമാനങ്ങളില്ലാതെ പഴിചാരലും കുറ്റപ്പെടുത്തലുകളുമായി യോഗം ചേർന്നു.
തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയുടെ ഭാഗമായ ടൗണില്‍ അപകടങ്ങള്‍ വർധിച്ചതോടെ ഗതാഗത പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് ഇതിനായി 16 നിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചത്.
ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് സംവിധാനം ഏർപ്പെടുത്തുക, ഓട്ടോ പാര്‍ക്ക് ചെയ്യുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കുക, ട്രിപ്പ് ജീപ്പ് പാര്‍ക്കിങ്ങിന് പ്രത്യേക ക്രമീകരണം ഒരുക്കുക, ബസ് പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലം, പാര്‍ക്കിങ്ങിന് മൃഗാശുപത്രി മൈതാനം, അനധികൃത ബൈക്ക് പാര്‍ക്കിങ് നിരീക്ഷിക്കുക, സ്കൂള്‍ ബസുകളുടെ സഞ്ചാരപാത ആശാരിക്കണ്ടം വഴി ഹൈവേയിലൂടെ തുടങ്ങിയവയായിരുന്നു പ്രധാന പരിഷ്കാരങ്ങൾ.
എന്നാല്‍, ഏഴ് വര്‍ഷം പിന്നിട്ടിട്ടും ഒരു നിര്‍ദേശം പോലും നടപ്പാക്കിയില്ല. അപകടങ്ങളും മരണങ്ങളും തുടരുമ്പോൾ വീണ്ടും ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് പരിഷ്കാരത്തെക്കുറിച്ച് പഠിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പൊതുമരാമത്ത്, റവന്യൂ, എക്സൈസ്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പഞ്ചായത്ത്, വ്യാപാരികൾ, വിവിധ രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ പ്രതിനിധികളാണ് ഉപസമിതിയിൽ. ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നെടുങ്കണ്ടം ജോയന്റ് ആര്.ടി ഓഫിസ് ചെറുവിരല്‍ അനക്കാറില്ല.
പാർക്കിങ് തോന്നിയപോലെ
റോഡിനിരുവശത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഒരു മാനദണ്ഡങ്ങളും പാലിക്കാറില്ല. വ്യാപാര സ്ഥാപനങ്ങളുടെ പ്രവേശനകവാടം അടച്ചും കാല്‍നടക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്തവിധത്തിലുമാണ് പലയിടത്തും പാർക്കിങ്.
ബി.എഡ് കോളജ് ജങ്ഷന് മുതല്‍ പടിഞ്ഞാറെ കവല വരെ ബസുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് തോന്നിയതുപോലെയാണ്. ടൗണില്‍ പലയിടത്തും സീബ്രാലൈനുകളില്ല. അഞ്ച് റോഡുകള്‍ സംഗമിക്കുന്ന കിഴക്കേ കവലയിലും നാല് റോഡുകള്‍ ചേരുന്ന പടിഞ്ഞാറെ കവലയിലും ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും പരിഹാരമില്ല.
കിഴക്കേ കവലയില്‍നിന്ന് താന്നിമൂടിന് തിരിയുന്നിടത്ത് റോഡിനിരുവശത്തും അലക്ഷ്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിച്ചു. ചരക്ക് ലോറികളും മറ്റും ഇവിടെ സാധനങ്ങള്‍ കയറ്റിയിറക്കാൻ മണിക്കൂറോളമാണ് നിർത്തിയിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.