വാടകയിനത്തിൽ നെടുങ്കണ്ടം പഞ്ചായത്തിന് ലഭിക്കാനുള്ളത് ആറുലക്ഷം
text_fieldsനെടുങ്കണ്ടം: ടൗണിലെ രണ്ട് ഷോപ്പിങ് കോംപ്ലക്സിൽനിന്ന് മാത്രം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് കിട്ടാനുള്ള വാടക കുടിശ്ശിക ആറ് ലക്ഷത്തോളം രൂപ. വിവരാവകാശ പ്രകാരം ലഭിച്ച കണക്കാണിത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫിസ് കോംപ്ലക്സ്, ഒന്നാം നമ്പര്‍ ഷോപ്പിങ് കോംപ്ലക്സ് എന്നിവിടങ്ങളിൽനിന്നു മാത്രമുള്ളതാണ് 5,76,054 രൂപ. പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ അഞ്ച് മുറികൾ വാടകക്ക് നല്കിയിരിക്കുന്നതില് മൂന്ന് മുറികളുടെ മാത്രം വാടക കുടിശ്ശിക 2,94,825 രൂപയാണ് കിട്ടാനുള്ളത്. ഇതില്‍ മൂന്നാം നമ്പര്‍ മുറിയിൽനിന്ന് മാത്രം മൂന്നുവര്‍ഷത്തെ വാടകയിനത്തില്‍ ഒരാളിൽനിന്ന് 1,66,128 രൂപയാണ് ലഭിക്കാനുള്ളത്. രണ്ടാം നമ്പര്‍ മുറിയിൽനിന്ന് 16 മാസത്തെ വാടക കുടിശ്ശികയിനത്തില്‍ പഞ്ചായത്തിന് ലഭിക്കാനുള്ളത് 85,629 രൂപയാണ്.
നാലാം നമ്പര്‍ മുറിയിൽനിന്ന് ഒരുവര്‍ഷത്തെ 43,068 രൂപയാണ് കിട്ടാനുള്ളത്. കിഴക്കേ കവലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാം നമ്പര്‍ ഷോപ്പിങ് കോംപ്ലക്സിലെ എട്ട് മുറികളിൽനിന്ന് കിട്ടാനുള്ള വാടക 2,81,229 രൂപയാണ്. 91003, 48600, 36500, 35640, 28512 രൂപ എന്നിങ്ങനെ കുടിശ്ശിക വരുത്തിയവരാണ് പലരും. ഭീമമായ തുക കുടിശ്ശിക വരുത്തി വാടക നല്‍കാതെ ഇറങ്ങിപ്പോയവരുമുണ്ട്. 20 മുറികള്‍ എടുത്തവരില്‍ ആറുപേര്‍ മാത്രമാണ് പഞ്ചായത്ത് ലൈസന്‍സ് എടുത്ത് വ്യാപാരം നടത്തുന്നത്. പല മുറികളും ത്രിതല പഞ്ചായത്തംഗങ്ങളുടെ കൈപ്പിടിയിലാണ്. വര്‍ഷങ്ങളായി വാടക നല്‍കുകയോ മുറി ഒഴിഞ്ഞുനല്കുയോ ചെയ്യാത്തതിനാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് മുറികള്‍ ലേലത്തില്‍ പിടിക്കാനോ വ്യാപാരം നടത്താനോ കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കുടിശ്ശികക്കാര്‍ക്ക് പഞ്ചായത്ത് നോട്ടീസ് നല്‍കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാറില്ല. ചില മുറികള്‍ പഞ്ചായത്തംഗങ്ങളും മുന്‍ പഞ്ചായത്തംഗങ്ങളും ബിനാമി പേരുകളില്‍ എടുത്തിട്ടുള്ളതാണ്. ചിലത് ലേലത്തില്‍ വാങ്ങിയവരോ ലൈസന്‍സ് എടുത്തിട്ടുള്ളവരോ അല്ല വ്യാപാരം നടത്തുന്നത്. കുറഞ്ഞ വാടകക്കെടുത്ത് ഭീമമായ വാടക വാങ്ങി കീഴ്വാടകക്ക് നല്കിയ മുറികളുമുണ്ട്. കീഴ്വാടകക്ക് നല്‍കിയിരിക്കുന്നത് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തിലാണെന്ന് ആക്ഷേപവുമുണ്ട്. ചില മുറികള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ അടഞ്ഞുകിടക്കുകയാണ്. ഈ ഇനത്തിലും പഞ്ചായത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.