സൂക്ഷിക്കുക! ഓടക്ക് മൂടി ഇല്ല
text_fieldsനെടുങ്കണ്ടം: കല്ലാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മൂടിയില്ലാത്ത ഓട യാത്രക്കാർക്ക് ഭീഷണിയാകുന്നു. ബസുകളില്‍ നിന്ന് ഇറങ്ങുന്നവരും കയറുന്നവരും ഓടയില്‍ വീണ് പരിക്കേൽക്കുന്നത് പതിവാണ്. ഓടക്ക് മുകളില്‍ സ്ഥാപിച്ച ഗ്രില്ല് സാമൂഹിക വിരുദ്ധര്‍ മോഷ്ടിച്ചതോടെയാണ് വീണ്ടും അപകടക്കെണിയായത്.
കഴിഞ്ഞ വര്‍ഷം ഈ ഓടയില്‍ വീണ് സ്കൂള്‍ വിദ്യാർഥിയുടെ കൈ ഒടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജനരോഷം ശക്തമായപ്പോൾ സ്ലാബില്ലാത്ത ഭാഗത്ത് പൊതുമരാമത്ത് കമ്പി ഉപയോഗിച്ചുള്ള മൂടി സ്ഥാപിച്ചു. ഈ ഗ്രില്ല് കഴിഞ്ഞദിവസം ആരോ മോഷ്ടിച്ചു. ഇതോടെ വീണ്ടും ഓട അപകട ഭീഷണി ഉയര്‍ത്തുകയാണ്. കല്ലാര്‍ പാലം നിർമാണത്തോട് അനുബന്ധിച്ച് ഇവിടെ റോഡിന്റെ ഒരു ഭാഗത്ത് ഓട നിർമിച്ച് സ്ലാബിട്ട് മൂടിയിരുന്നു. എന്നാല്‍ ഓടയുടെ തുടക്കഭാഗത്ത് സ്ലാബ് നിർമിച്ചിരുന്നില്ല. ഇതിനാല്‍ ഓടയില്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഓട മൂടിയില്ലെങ്കില്‍ വീണ്ടും വിദ്യാർഥികള്‍ അപകടത്തില്‍ പെടും. കോണ്‍ക്രീറ്റ് സ്ലാബ് ഇവിടെ സ്ഥാപിച്ചാല്‍ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. ഇതിന് പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്നും ഗ്രില്ല് മോഷ്ടിച്ചവരെ അടിയന്തിരമായി കണ്ടെത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.