കോടതിയും വന്നില്ല, ജയിലും തുറന്നില്ല
text_fieldsനെടുങ്കണ്ടം ടൗൺ
നെടുങ്കണ്ടത്ത് കോടതി സമുച്ചയം തുടങ്ങാനും തുറന്ന ജയിൽ ആരംഭിക്കാനും ഭരണാനുമതി ലഭിച്ചിട്ട് ആറുവര്‍ഷം കഴിഞ്ഞു. റവന്യൂ വകുപ്പ് നൽകിയ രണ്ടേക്കർ സ്ഥലത്ത് കോടതി സമുച്ചയം നിര്‍മിക്കാൻ 2018ൽ 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷന്റെ പിന്നിലായാണ് സമുച്ചയം നിര്‍മിക്കാൻ തുടക്കം കുറിച്ചത്. ആറ് നിലകളിൽ നിര്‍മിക്കുന്ന കെട്ടിടത്തിൽ 10 മുറികളും മീഡിയേഷൻ റൂം, ഓഫിസ്, അഭിഭാഷകര്‍ക്കും ക്ലര്ക്കുമാര്ക്കുമുള്ള മുറികൾ, പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, ടോയ്ലറ്റുകൾ, ഒപ്പം ക്വാര്‍ട്ടേഴ്സുകളും നിര്‍മിക്കാനായിരുന്നു പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ നെടുങ്കണ്ടത്ത് നിലവിലുള്ള ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി, ഗ്രാംന്യായാലയ, കുടുംബകോടതി എന്നിവ പുതിയ സമുച്ചയത്തിലേക്ക് മാറ്റുമെന്നായിരുന്നു പറഞ്ഞിരുന്നത്.
മുന്‍സിഫ്, പോക്സോ, മറ്റ് കോടതികൾ എന്നിവ ഭാവിയിൽ നെടുങ്കണ്ടത്ത് ആരംഭിക്കാനും പുതിയ സമുച്ചയം ഉപകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. കെട്ടിടത്തിന്റെ അഭാവംമൂലം നെടുങ്കണ്ടത്ത് പ്രവര്‍ത്തനാനുമതി ലഭിക്കേണ്ട പല കോടതികളും മറ്റിടങ്ങളിലേക്ക് പോയി. ഈ സ്ഥിതിക്ക് പരിഹാരമായാണ് കെട്ടിട സമുച്ചയം നിര്‍മിക്കാൻ പദ്ധതിയിട്ടത്. മണ്ണ് പരിശോധനകളടക്കമുള്ള പ്രാരംഭ നടപടികള്‍ക്ക് ശേഷം കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കി നിർമാണം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു.
പത്ത് കോടി മുടക്കി ജീവനക്കാര്‍ക്ക് ക്വാർട്ടേഴ്സ് നിര്‍മിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. സാങ്കേതിക നടപടികളും പൂര്‍ത്തീകരിച്ചിരുന്നു. കിഫ്ബി അംഗീകരിക്കുന്നന്നതോടെ സമുച്ചയ നിര്‍മാണം ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. 2018 ഒക്ടോബർ 25ന് ജില്ല ജഡ്ജി മുഹമ്മദ് വസിം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതുമാണ്. പക്ഷേ, എല്ലാം രേഖയിൽ ഒതുങ്ങി.
താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് തുറന്ന ജയില്‍ ആരംഭിക്കാനും പദ്ധതിയിട്ടിരുന്നു. കട്ടപ്പന, നെടുങ്കണ്ടം കോടതികളുടെ അധികാര പരിധിയിൽ വരുന്ന വിവിധ കേസുകളുമായി ബന്ധപ്പെട്ട് റിമാൻഡ് ചെയ്യുന്നവരെയും ശിക്ഷിക്കുന്നവരെയും പാര്‍പ്പിക്കണമെങ്കിൽ പീരുമേട്ടിലോ ദേവികുളത്തോ പോകണം. ഇതിനു പരിഹാരമായാണ് നെടുങ്കണ്ടത്ത് ജയിൽ തുടങ്ങാൻ തീരുമാനിച്ചത്. തേവാരംമേട് ഇതിനായി പരിഗണിച്ചിരുന്നു. സ്ഥലം മതിയാവാതെ വന്നാല്‍ തൊട്ടടുത്ത ഉടുമ്പന്‍ചോല പഞ്ചായത്തിൽനിന്നു കൂടി സ്ഥലം കണ്ടെത്താനും തീരുമാനിച്ചതാണ്. ഋഷിരാജ് സിങ് ജയില്‍ ഡി.ജി.പിയായിരുന്നപ്പോൾ തുടങ്ങിവെച്ച ആലോചനയാണിത്.
എന്നാൽ, സ്ഥലം ഏറ്റെടുത്തു നല്കാൻ ഗ്രാമപഞ്ചായത്ത് തയാറായില്ല. പഞ്ചായത്ത് പ്രമേയം പാസാക്കി ജനകീയ കമ്മിറ്റി രൂപവത്കരിച്ച് സ്ഥലം ഏറ്റെടുക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ, ജനകീയ കമ്മിറ്റി വിളിക്കാൻപോലും പഞ്ചായത്ത് തയാറായില്ലെന്ന് ആക്ഷേപവുമുണ്ട്.
സംസ്ഥാനത്ത് തിരുവനന്തപുരം നെട്ടുകാല്തേരിയിലും കണ്ണൂർ ചീമേനിയിലുമാണ് നിലവിൽ തുറന്ന ജയിലുള്ളത്. ഇവിടങ്ങളിൽ അന്തേവാസികളുടെ എണ്ണം കൂടുതലായതിനാലാണ് മധ്യമേഖലയിൽ തുറന്ന ജയിൽ എന്ന ആശയം ഉദിച്ചത്. 200 ഏക്കർ സ്ഥലം ഒരുമിച്ച വേണമെങ്കിൽ ഇടുക്കിയിലല്ലാതെ സാധ്യമല്ലാത്തതിനാലാണ് നെടുങ്കണ്ടത്ത് തുറന്ന ജയിൽ എന്ന ആലോചന ഉണ്ടായത്. നെടുങ്കണ്ടത്ത് സബ് ജയിൽ ആരംഭിക്കണന്നൊവശ്യപ്പെട്ട് 2019ൽ ബാർ അസോസിയേഷൻ ഹൈകോടതി രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് 2021ൽ പീരുമേട് സബ്ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നെടുങ്കണ്ടത്ത് പരിശോധന നടത്തിയിരുന്നു. ആവശ്യമായ സ്ഥലം കണ്ടെത്തി നല്കാൻ കഴിയുമോ എന്ന് ആരാഞ്ഞ് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് പാറത്തോട് വില്ലേജിലെ തേവാരംമെട്ടിൽ സ്ഥലം കണ്ടെത്തിയത്.
(അവസാനിച്ചു)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.