മുന്‍കരുതല്‍ ബോര്‍ഡുകളില്ല; നിരോധനം അറിയാതെ സഞ്ചാരികള്‍
text_fieldsനെടുങ്കണ്ടം: ജില്ലയിലെ ട്രക്കിങ് നിരോധനം തിരിച്ചറിയാനാവാതെ സഞ്ചാരികള്‍. ജില്ലയില്‍ അപകടകരമായ ട്രക്കിങ് കലക്ടര്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് തിരിച്ചറിയാന്‍ സഞ്ചാരികള്‍ക്ക് കഴിയുന്നില്ല. ഇവിടങ്ങളിലെങ്ങും പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍പോലും സ്ഥാപിച്ചിട്ടില്ല. പുഷ്പക്കണ്ടത്തിന് സമീപം നാലുമലയില്‍ അനധികൃതമായി പ്രവേശിച്ച 22 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രവേശനം നിരോധിച്ച ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.
പ്രവേശന കവാടത്തിങ്കല്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡില്‍ വ്യൂ പോയന്റ് എന്നും ഓഫ് റോഡ് ജീപ്പിന്റെ പടവുമാണ് കൊടുത്തിട്ടുള്ളത്. ഇത് കാണുന്ന സഞ്ചാരികള്‍ ഇങ്ങോട്ടേക്ക് പ്രവേശിക്കുക സ്വാഭാവികമാണ്. മുന്നറിയിപ്പ് ബോർഡ് ഇല്ലാത്ത ഇവിടെ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ ഉണ്ടാകുമ്പോഴാണ് അധികാരികള്‍ സടകുടഞ്ഞെണീക്കുക. സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ദൃശ്യങ്ങളും മറ്റും കണ്ടാണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നത്. ഗൂഗ്ള്‍ മാപ്പ് നോക്കി എത്തിയവരാണ് കഴിഞ്ഞദിവസം നാലുമലയിലെ മലമുകളില്‍ കുടുങ്ങിയവര്‍. ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല.
ജില്ലയിലെ മിക്ക വ്യൂ പോയന്റുകളിലും നിയമ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. അനധികൃതമായ ചില സാഹസിക രംഗങ്ങള്‍ പലപ്പോഴും നിയമലംഘനങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. നെടുങ്കണ്ടം പഞ്ചായത്തില്‍ തൂക്കുപാലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞദിവസം സഞ്ചാരികളുടെ വാഹനങ്ങള്‍ കുടുങ്ങിയ പുഷ്പക്കണ്ടം നാലുമല. രണ്ടു കിലോമീറ്റര്‍ കാല്‍നടയായി മാത്രം യാത്രചെയ്യാനാവൂ. എന്നാല്‍, നാലുമലകള്‍ ചേര്‍ന്ന് മനോഹരമായ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.