അംഗന്‍വാടികള്‍ക്ക് പോഷകാഹാര വിതരണം; പണം കിട്ടിയില്ലെന്ന് ആക്ഷേപം
text_fieldsനെടുങ്കണ്ടം: ഐ.സി.ഡി.എസ് സൂപര്‍വൈസറെ വിശ്വസിച്ച് അംഗന്‍വാടികള്‍ക്ക് പോഷകാഹാരം നല്കി മൂന്ന് വര്‍ഷമായിട്ടും 10.5 ലക്ഷം രൂപ നല്കാന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് തയാറാവാത്തത് ആറ് വനിതകള്‍ ചേര്‍ന്ന് നടത്തുന്ന സംരംഭത്തെ വെട്ടിലാക്കിയതായി ആക്ഷേപം. സന്യാസിയോടയില്‍ പ്രവര്‍ത്തിക്കുന്ന സമൃദ്ധി ന്യൂട്രിമിക്സാണ് ചക്രശ്വാസം വലിക്കുന്നത്.
മുന്‍കാലങ്ങളിലേത് പോലെ സൂപര്‍വൈസര്‍ പറഞ്ഞപ്പോള്‍ അമൃതം പൊടി നല്കി. തങ്ങളുടെ അനുവാദമില്ലാതെയാണ് ഇത് നല്‍കിയതെന്നാണ് പഞ്ചായത്ത് പറയുന്നത്. ഇതോടെ വനിതകള്‍ വെട്ടിലായി. ഐ.സി.ഡി.എസ് സൂപര്‍വൈസര്‍ സര്‍വിസില്‍നിന്ന് പിരിയുകയും ചെയ്തു. സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി നല്കിയാല് പണം നല്‍കാമെന്നാണ് പഞ്ചായത്ത് പറയുന്നത്.
2021-22 കാലയളവിലാണ് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയത്. ആറ് വനിതകള്‍ ചേര്‍ന്ന് ബാങ്ക് വായ്പയും മറ്റുമെടുത്ത് തുടങ്ങിയതാണ് സമൃദ്ധി ന്യൂട്രിമികസ്. അമൃതം പൊടി ഉള്‍പ്പെടെ ഭക്ഷ്യ വസ്തുക്കളാണ് ഇവര്‍ ഉല്പാദിപ്പിക്കുന്നത്. 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പീരുമേട്, പെരുവന്താനം, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലാണ് അംഗന്‍വാടികളിലേക്കുള്ള പോഷകാഹാരങ്ങള്‍ ഇവര്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലും തദ്ദേശ വകുപ്പ്, ആരോഗ്യ മന്ത്രി, നവകേരള സദസ്സ്, ജില്ല കലക്ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയില്ല.
സാധനങ്ങള്‍ വാങ്ങിയിടത്ത് ലക്ഷങ്ങള്‍ കൊടുക്കാനുണ്ട്. അസംസ്കൃത വസ്തുക്കള്‍ വാങ്ങാനും പണമില്ല. മാത്രവുമല്ല ശമ്പളമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. പണം പലിശക്ക് വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയുമാണ് സംരംഭം പ്രവര്‍ത്തിക്കുന്നത്.
എട്ട് ലക്ഷം രൂപയാണ് പലിശക്ക് വാങ്ങിയിട്ടുള്ളത്. ഒരുവര്‍ഷത്തേക്ക് പലിശയും യാത്രാചെലവും മാത്രമായി ഒന്നേമുക്കാല്‍ ലക്ഷം വേണം. നിലവില്‍ ഇവര്‍ 36 ലക്ഷത്തോളം രൂപ കടത്തിലാണ്.
പഞ്ചായത്ത് പറയുന്നത് ഹൈകോടതിയില്‍ പോകാനാണ്. അരി വാങ്ങാന്‍ നിവൃത്തിയില്ലാത്ത തങ്ങള്‍ എങ്ങനെ കോടതിയില്‍ പോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.