ചെണ്ടുമല്ലി പൂത്തു; മഞ്ജുവിന് ‘ഓണപ്പൂക്കാലം’
text_fieldsനെടുങ്കണ്ടം: ഇക്കുറി ഓണത്തിന് പൂക്കൾ തേടി തമിഴ്നാട്ടിലേക്ക് പോകേണ്ട. ഹൈറേഞ്ചിൽതന്നെ പൂന്തോട്ടമൊരുക്കിയിരിക്കുകയാണ് കർഷകയായ മഞ്ജു. നെടുങ്കണ്ടം വലിയതോവാള അഞ്ചുമുക്ക് ഉള്ളാട്ട് മാത്യുവിന്റെ ഭാര്യ മഞ്ജുവാണ് പൂക്കാലം ഒരുക്കിയിരിക്കുന്നത്. ഓണം വിപണി ലക്ഷ്യമിട്ട് ആയിരത്തോളം ചെണ്ടുമല്ലി ചെടികളാണ് പുഷ്പിച്ച് പാകമായി നിൽക്കുന്നത്.
മികച്ച നേട്ടം കൈവരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഗ്രോബാഗിൽ 500 ഹൈബ്രിഡ് ചെണ്ടുമല്ലിയുടെ വിത്തും വെളിയിൽ 500 വിത്തുമാണ് ജൂണിൽ കൃഷി ചെയ്തത്. മണ്ണും ചാണകവും കമമ്പാസ്റ്റും ചേർത്ത് നിറച്ച ബാഗിൽ രണ്ട് ചെടി വീതമാണ് നട്ടത്. മൂന്നുമാസം കഴിയുന്നതോടെ എല്ലാം വിളവെടുപ്പിന് പാകമായി തുടങ്ങും. പൂവ് പറിച്ചു കഴിഞ്ഞാല്‍ തൊട്ടുതാഴെയുള്ള തണ്ട് മുറിച്ചുകളയണം. അവിടെനിന്ന് പുതുതായി മുള പൊട്ടി പൂവിരിയും. ഇങ്ങനെ വർഷത്തിൽ നാലുതവണ വരെ വിളവെടുക്കാം. ഒരു ബാഗിൽനിന്ന് ഒരുതവണ രണ്ട് കിലോയോളം പൂക്കൾ ലഭിക്കുമെന്ന് മഞ്ജു പറഞ്ഞു. സീസൺ ആയതിനാൽ കിലോക്ക് 180 രൂപ വരെ വില ലഭിക്കും. പുഷ്പിച്ച ചെടിയും വിൽപന നടത്തുന്നുണ്ട്.
പച്ചക്കറി കൃഷി നടത്തുന്ന മഞ്ജു, പരീക്ഷണാടിസ്ഥാനത്തിലാണ് ചെണ്ടുമല്ലി കൃഷി നടത്തിയത്. ബംഗളൂരുവിൽനിന്ന് വിത്ത് എത്തിച്ച് ഗ്രോ ബാഗുകളിലാക്കി 400 ചെടികളാണ് പരിപാലിച്ചത്. ജില്ലയുടെ വിവിധ മേഖലകളിൽ ഇത്തവണ പൂ കൃഷി ഇറക്കിയവരുണ്ട്. ജൈവ കൃഷിയിൽ മഞ്ജുവിന് അവാർഡും ലഭിച്ചിട്ടുണ്ട്. പച്ചക്കറികളിലും പഴവർഗ കൃഷികളിലും ഒച്ചുകൾ വെല്ലുവിളി ഉയർത്തിയപ്പോൾ തുരുത്താനുള്ള പൊടി രൂപത്തിലുള്ള മരുന്ന് വികസിപ്പിച്ചും മഞ്ജു ശ്രദ്ധനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.