ആശങ്കയിലാക്കി വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകൾ
text_fieldsനെടുങ്കണ്ടം: രണ്ടരമാസത്തെ ഇടവേളക്കുശേഷം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ആശങ്കയിലാക്കി വിദ്യാർഥികള്‍ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക്. രണ്ടാംടേമിലെ പാഠഭാഗങ്ങള്‍പോലും ഇതുവരെ പഠിപ്പിച്ച് തീര്‍ത്തിട്ടില്ലെന്നാണ് അധ്യാപകരും കുട്ടികളും പറയുന്നത്.
പ്രൈമറി വിഭാഗത്തില്‍ മാത്രമല്ല ഹൈസ്കൂള്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിലും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. മുന്‍ കാലങ്ങളില്‍നിന്ന് അഞ്ചുമാസത്തോളം വൈകിയാണ് പ്ലസ് വണ്‍, വി.എച്ച്.എസ്.സി ഒന്നാംവര്‍ഷ ക്ലാസുകളില്‍ പ്രവേശന നടപടി പൂര്‍ത്തിയാക്കിയത്. നവംബര്‍ 15നാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഇവര്‍ക്കും പാഠഭാഗങ്ങളില്‍ 40 ശതമാനംപോലും പൂര്‍ത്തിയാക്കാനായിട്ടില്ല. ഓഫ്ലൈന് ക്ലാസുകള്‍ തുടരുന്ന എസ്.എസ്.എല്‍.സി സിലബസ് ഫെബ്രുവരി ആദ്യവാരവും പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനത്തോടെയും പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന നിർദേശം. മാര്‍ച്ച് ആദ്യം ആരംഭിക്കുന്ന പൊതുപരീക്ഷകള്‍ നീട്ടിവെക്കില്ലെന്നാണ് സൂചന.
ഇക്കുറിയും ഫോക്കസ് ഏരിയകള്‍ നല്കി പരീക്ഷ ലളിതമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം സ്കൂളുകള്‍ തുറന്ന് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഭൂരിഭാഗം സ്കൂളിലും 80 ശതമാനം ഹാജര്‍ പോലും ഉണ്ടായിരുന്നില്ല. ആദിവാസി മേഖലകളിലുള്‍പ്പെടെ പിന്നാക്ക മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും ഓഫ്ലൈന് ക്ലാസുകളിലും പങ്കെടുക്കാത്ത ഒട്ടേറെ കുട്ടികള്‍ ഉണ്ടായിരുന്നതായും അധ്യാപകര്‍ പറയുന്നു. വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിയുമ്പോള്‍ വിദ്യാർഥികളുടെ സഹകരണം എന്തായിരിക്കുമെന്ന ആശങ്കയിലാണ് അധ്യാപകര്‍. മാത്രവുമല്ല ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിച്ചതോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ ക്ലാസുകളെ ആരും ഗൗരവമായി കണ്ടിരുന്നില്ല.
ജില്ലയില്‍ ഇന്റര്‍നെറ്റ് സംവിധാനവും മൊബൈല്‍ റേഞ്ചും ഇല്ലാത്ത സ്ഥലങ്ങളിലെ വിദ്യാർഥികളുടെ സ്ഥിതി പഴയതുപോലെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.