പഞ്ചായത്ത് കിണർ ഉപയോഗയോഗ്യമാക്കി
text_fieldsനെടുങ്കണ്ടം: ഒന്നര പതിറ്റാണ്ടായി ഉപയോഗയോഗ്യമല്ലാതെയും പഞ്ചായത്ത് ഭരണസമിതിപോലും ശ്രദ്ധിക്കാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ നിറയെ വെള്ളവുമായി കിടന്ന പഞ്ചായത്ത് കിണർ കഴിഞ്ഞ രണ്ടുദിവസത്തെ ശ്രമഫലമായി ഉപയോഗയോഗ്യമാക്കി. കരുണാപുരം പഞ്ചായത്തിലെ തൂക്കുപാലം പൊതുമാർക്കറ്റിനകത്താണ് കിണർ കാടുപിടിച്ച് കിടന്നത്.
15 വർഷമായി ഉപയോഗിക്കാതെ കിടന്ന ഈ കിണറിനെപ്പറ്റി ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൂക്കുപാലത്തെ ഡ്രൈവർ രാജേഷിന്റെ പരാതിയെത്തുടർന്നാണ് കരുണാപുരം പഞ്ചായത്ത് കാടുംപടലും വെട്ടി വെള്ളം തേകിയാണ് കിണർ വൃത്തിയാക്കിയത്. താങ്കളാഴ്ച രാവിലെ ആരംഭിച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് കിണർ ഉപയോഗയോഗ്യമാക്കിയത്. കരുണാപുരം പബ്ലിക് മാർക്കറ്റ് വകസ്ഥലത്ത് ഏകദേശം 40 വർഷം പഴക്കമുള്ള കിണറാണ് 15 വർഷമായി ഉപയോഗിക്കാതെ കിടന്നത്.
ഏകദേശം 25 അടിയോളം താഴ്ചയും ഏഴടി വ്യാസവും കൽക്കെട്ടോടുകൂടിയാണ് ഇത് നിർമിച്ചിരിക്കുന്നത്. രണ്ട് കോൺക്രീറ്റ് തൂണും അവയെ ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പും മാത്രമാണ് മാർക്കറ്റിൽ എത്തുന്നവർക്ക് കാണാൻ കഴിഞ്ഞിരുന്നത്. കടുത്ത വേനലിൽപോലും വറ്റാറില്ലെന്നാണ് പഴമക്കാർ പറയുന്നത്. കിണറ്റിലെ വെള്ളം തൂക്കുപാലം മാർക്കറ്റിലെ ശുചിമുറി ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനാണ് പഞ്ചായത്തിന്റെ നീക്കം. എന്നാൽ, ശുദ്ധജലമായതിനാൽ ആവശ്യക്കാർക്ക് കുടിക്കാനും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.