എന്നുവരും കിടത്തിച്ചികിത്സ ഈ ആതുരാലയത്തിൽ
text_fieldsനെടുങ്കണ്ടം: പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 24 മണിക്കൂർ സേവനവും കിടത്തി ചികിത്സയും ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. പട്ടം കോളനി മേഖലയിൽ അപകടം ഉണ്ടായിക്കഴിഞ്ഞാൽ മതിയായ ചികിത്സ കിട്ടാൻ ആശുപത്രി ഇല്ല. കഴിഞ്ഞവർഷം ലോറിയിൽ നിന്ന് തടി വീണ് അപകടത്തിൽപ്പെട്ട ലോഡിങ് തൊഴിലാളിക്ക് ഡോക്ടറുടെ സേവനം കൃത്യമായി കിട്ടിയില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുണ്ട്.
അവർക്കും കൃത്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. മുണ്ടിയരുമയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രം കൂടുതൽ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂർ പ്രവർത്തിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പട്ടം കോളനിയുടെ ഉൾനാടൻ ഗ്രാമങ്ങളായ ആനക്കല്ല്, പുഷ്പകണ്ടം, അണക്കരമെട്ട്, ആമപ്പാറ, ഹൈദർ മല, ബംഗ്ലാദേശ്, രാമക്കൽമേട്, കുരുവിക്കാനം, പ്രകാശ് ഗ്രാം, സന്യാസിയോടാ, 40 ഏക്കർ , കുരിശുമല, ഗജേന്ദ്ര പുരം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വളരെ ബുദ്ധിമുട്ടിലാണ്.
പട്ടം കോളനി മേഖലയിലെ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടിയെരുമ കേന്ദ്രീകരിച്ച് അനുവദിച്ചതാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം. 1956ല്‍ മൂന്നു മുറികളുള്ള ഒരു കെട്ടിടത്തിന്റെ ഒരുമുറിയില്‍ ഡിസ്പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആശുപത്രി. മറ്റ് രണ്ട് മുറികളില്‍ ഒന്നില്‍ ആയൂര്‍വേദ ഡിസ്പെന്‍സറിയും മറ്റൊന്നില്‍ മൃഗാശുപത്രിയും ആരംഭിച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത് നാട്ടുകാര്‍ സംഭാവന ചെയ്ത സ്ഥലത്ത് സ്വന്തമായി കെട്ടിടം നിർമിച്ച് ഇവിടേക്ക് മാറ്റുകയായിരുന്നു. സമീപ പഞ്ചായത്തുകളിലെ മൂഴുവന്‍ രോഗികളും ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയായിരുന്നു. ഇപ്പോള്‍ ആശുപത്രിക്ക് സ്വന്തമായി രണ്ടേക്കറോളം സ്ഥലമുണ്ട്.
പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന സെന്ററില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ആദ്യകാലത്ത് ലഭ്യമായിരുന്നു. പട്ടംകോളനി രൂപവത്കരണത്തിനു ശേഷം ജനങ്ങള്‍ ചികിത്സക്കായി ആശ്രയിച്ചു വരുന്ന പ്രാഥമികാരോഗ്യേ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്ക് സൗകര്യം തികയാതെ വന്നു.
മൂന്ന് പഞ്ചായത്തുകളുടെ ആശ്രയം
മൂന്ന് പഞ്ചായത്തുകളിലെ നാനൂറോളം സാധാരണക്കാരായ രോഗികളാണ് നിലവില്‍ ഒ.പി.വിഭാഗത്തില്‍ മാത്രം ദിനേന ചികിത്സ തേടി എത്തുന്നത്. ആശുപത്രി നിലനിൽക്കുന്നത് പാമ്പാടുംപാറ പഞ്ചായത്തിലാണെങ്കിലും നെടുങ്കണ്ടം പഞ്ചായത്തിനു കീഴിലാണ് പ്രവര്‍ത്തനം. കര്‍ഷക തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ നിന്നെത്തുന്ന നിര്‍ധന രോഗികള്‍ക്ക് കിടത്തി ചികിത്സയും മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതും രോഗികളെ വലക്കുകയാണ്.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആവശ്യമായ ക്വാര്‍ട്ടേഴ്സുകളും വൈദ്യൂതി, കുടിവെള്ളം അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടായിട്ടും കിടത്തി ചികിത്സ മാത്രം നിഷേധിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടക്കകളൂം മറ്റിതര ഉപകരണങ്ങളും കട്ടപ്പന ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ എത്തിയ കട്ടപ്പന നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. ഇവിടെ കിടത്തി ചികിത്സ ഇല്ലെന്ന കാരണം പറഞ്ഞാണ് പഞ്ചായത്തിന്റെ അനുമതി കൂടാതെ ഉപകരണങ്ങള്‍ കൊണ്ടു പോകാന്‍ ശ്രമിച്ചത്. ഇപ്പോള്‍ ഇവിടെ ഐ.പി.പോസ്റ്റില്ലെന്നാണ് പറയപ്പെടുന്നത്. ഉണ്ടാവണമെങ്കില്‍ ഏഴ് ഡോക്ടര്‍മാരും മറ്റിതര സൗകര്യങ്ങളും ഒരുക്കണം.
നാട്ടുകാര്‍ രംഗത്തിറങ്ങി; വാര്‍ഡ് പണികഴിപ്പിച്ച് നൽകി
1969 ല്‍ അധികൃതരുടെ അലംഭാവം കണ്ടുമടുത്ത നാട്ടുകാര്‍ രംഗത്തെത്തി ഒത്തൊരുമയോടെ ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിർമിച്ച് 30 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള വാര്‍ഡ് പണികഴിപ്പിച്ച് ആശുപത്രിക്ക് നല്‍കിയിരുന്നു. അത്യാഹിതവിഭാഗത്തിനാവശ്യമായ സൗകര്യങ്ങളും ഒരുക്കി. 1980 വരെ നൂറുകണക്കിന് രോഗികള്‍ നിത്യേന ചികിത്സ തേടി എത്തിയിരുന്നു.
എന്നാല്‍ 1991 മുതല്‍ ഈ സ്ഥാപനത്തില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാതെ വന്നതോടെ കിടത്തി ചികിത്സ വിഭാഗം പൂർണമായി നിർത്തുകയായിരുന്നു. പിന്നീട് ഐ.പി.ബ്ലോക് തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായെങ്കിലും ചിലരുടെ പിടിവാശി മൂലം പ്രാവര്‍ത്തികമാക്കാനായില്ല. ക്ഷുഭിതരായ പ്രദേശവാസികള്‍ വയോ ജനങ്ങളെ സംഘടിപ്പിച്ച് ആശുപത്രി കെട്ടിടം കൈയേറി വൃദ്ധ സദനത്തിന്റെ ബോര്‍ഡ് സ്ഥാപിച്ചു. പിന്നീട് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തി ഇവ നീക്കുകയായിരുന്നു.
ജനങ്ങളുടെ നിരന്തരമായ നിവേദനങ്ങളും പ്രതിഷേധങ്ങളും സമരങ്ങള്‍ക്കുമൊടുവില്‍ 2011 ല്‍ യൂ.ഡി.എഫിന്റെ ഭരണകാലത്ത് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കിടത്തി ചികിത്സ പുനരാരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും അടച്ചു പൂട്ടി. ഐ.പി.യൂനിറ്റ് വീണ്ടും ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം അന്നത്തെ ഇടുക്കി എം.പി. പി.ടി.തോമസ് നിര്‍വഹിച്ച് ഒരാഴ്ച തികയും മുമ്പ് ഡോക്ടര്‍മാരുടെ അഭാവം മൂലം അടച്ചു പൂട്ടുകയായിരുന്നു. ഉദ്ഘാടന വേളയിലുണ്ടായിരുന്ന രണ്ട് ഡോക്ടറമാരില്‍ ദിവസവേതനക്കാരനായിരുന്നു ഒരാള്‍ ചികിത്സയിലായതാണ് അന്ന് കിടത്തി ചികിത്സ അവസാനിപ്പിക്കാന്‍ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.