വൈദ്യുതി ഉൽപാദനം; ഇടുക്കിയിലെ ജലേതര പദ്ധതി സാധ്യതകളോട് മുഖംതിരിച്ച് സർക്കാർ
text_fieldsനെടുങ്കണ്ടം: അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതുമൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിട്ടും ജലേതര വൈദ്യുതി പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് വിമുഖത. വൈദ്യുതി ഉൽപാദനത്തിന് ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ സാധ്യതകള്‍ കേരളത്തില്‍ നിരവധിയാണ്. കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനമാണ് അതിൽ പ്രധാനം. ഇതിന് ഏറ്റവും അനുയോജ്യമായ ജില്ലകളിലൊന്നാണ് ഇടുക്കി. ജില്ലയിലെ സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ഏറ്റവും അനുയോജ്യ ഇടങ്ങളാണ്. സമുദ്രനിരപ്പില്‍നിന്ന് 2400 ഓളം അടി ഉയരമുള്ള ഇവിടുത്തെ മൊട്ടക്കുന്നുകളില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനാവശ്യമായ കാറ്റ് ലഭിക്കുന്ന വിവിധ പ്രദേശങ്ങളുണ്ട്.
എന്നാല്‍, പദ്ധതി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കേരളത്തിന് സ്വന്തമായുള്ളത് രാമക്കല്‍മേട്ടില്‍ സ്വകാര്യ കമ്പനി ഉടമസ്ഥതയിലുള്ള കാറ്റാടി പദ്ധതിയാണ്. ഉടുമ്പന്‍ചോലക്കടുത്ത് ചതുരംഗപ്പാറയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ കാറ്റാടി പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിന്റെ അതിര്‍ത്തി മേഖലയില്‍ ചതുരംഗപ്പാറ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കാറ്റാടി പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെങ്കിലും ആരും തയാറാകുന്നില്ല.
ഇടുക്കിയിൽ രാമക്കല്‍മേടിനു പുറമെ ചരുരംഗപ്പാറമെട്ട്, പതിനെട്ടാം പടി മെട്ട്,മാൻകുത്തിമേട് മെട്ട്,കഴുതക്കുളം മേട്, കള്ളിപ്പാറമെട്ട്, ചിന്നക്കനാല്‍ പഞ്ചായത്തിലെ അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലെല്ലാം ചെലവ് കുറഞ്ഞ രീതിയില്‍ കാറ്റാടി പദ്ധതികള്‍ നടപ്പാകാനാകുമെന്ന് വൈദ്യുതി ബോര്‍ഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. എല്ലാ വർഷവും വേനൽ കനക്കുന്നതനുസരിച്ച് ഡാമുകളിൽ വെള്ളം കുറയുമ്പോൾ മാത്രമാണ് വൈദ്യുതി ഉൽപാദന വർധനവിനെപ്പറ്റി ചിന്തിക്കുന്നതും സടകുടഞ്ഞെണീക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.