സർവേയുമായി സ്വകാര്യ ഏജൻസി; ആശങ്കയിൽ കർഷകർ
text_fieldsനെടുങ്കണ്ടം: ഭൂപ്രശ്നങ്ങള്‍ സങ്കീർണമായ ഇടുക്കിയില്‍ സ്വകാര്യ ഏജന്‍സി നടത്തുന്ന പുതിയ സർവേയില്‍ ആശങ്കയോടെ കർഷകർ. പുരാവസ്തു ഗവേഷണത്തിന്റെ പേരിലാണ് സ്വകാര്യ ഏജന്‍സിയുടെ സർവേ. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ വാര്‍ഡുകളും കേന്ദ്രീകരിച്ചാണ് സർവേ നടത്തുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ സഹകരണത്തോടെ പാമ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും പപ്പിനി റിസര്‍ച് സെന്ററും ചേര്‍ന്നാണ് സർവേ നടത്തുന്നത്.
ഇടുക്കിയിലെ 861 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചും ഫീല്‍ഡ് സർവേ നടത്തി വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റലൈസ് ചെയ്യാനാണ് സ്വകാര്യ ഏജന്‍സിയുടെ പദ്ധതി. നിലവില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും സർവേ പൂർത്തിയാക്കി. ജർമനി, പോളണ്ട്, തമിഴ്നാട് എന്നിവിടങ്ങളിലെ ഗവേഷകരും സഹകരിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ പല സർവേകളും പിന്നീട് ഇടുക്കിയിലെ ഭൂവിഷയങ്ങൾ സങ്കീർണമാക്കിയതിനാലാണ് പുതിയ സർവേയും സംശയത്തിന്റെ നിഴലിലാകുന്നത്
ജില്ലയില്‍ പുരോഗമിക്കുന്ന ഡിജിറ്റല്‍ സർവേപോലും ആശങ്കയുടെ നിഴലിലാണ്. പല മേഖലകളിലും കൈവശ ഭൂമി, സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തിയത് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുസ്രിസ് കാലഘട്ടത്തിലെ സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഇടുക്കിയില്‍ ഉണ്ടെന്നാണ് സ്വകാര്യ ഏജന്‍സിയുടെ വാദം. ഇത് കണ്ടെത്തി പഠനം നടത്തുകയും മേഖലയിലെ ടൂറിസം വികസിപ്പിക്കുയുമാണ് ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു.
പഠനത്തിന്റെ ഭാഗമായി മുന്‍കാലങ്ങളില്‍ ചരിത്ര അവശിഷ്ടങ്ങള്‍ ലഭിച്ച മേഖലകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം ജില്ല മുഴുവന്‍ സർവേ നടത്തുന്നതാണ് ആശങ്കക്ക് ഇടയാക്കുന്നത്. വളന്റിയര്‍മാരുടെ സഹായത്തോടെ എല്ലാ വാര്‍ഡില്‍നിന്നും പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായ നന്നങ്ങാടികൾ, മുനിയറകൾ, നാട്ടുകല്ലുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിച്ച് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി, ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യമെന്ന് ഏജന്‍സി പറയുന്നു. ശേഖരിക്കുന്ന വിവരങ്ങൾ കേരളത്തിലെയും തമിഴ്നാട്ടിലെയും ആര്‍ക്കിയോളജിക്കൽ വിഭാഗത്തിനും കേരളത്തിലെ വനം, പട്ടികവര്‍ഗ വകുപ്പുകള്‍ക്കും ജർമനിയിലെയും പോളണ്ടിലെയും ഏജന്‍സികള്‍ക്കും കൈമാറും. സർവേ വിവാദമായ സാഹചര്യത്തിൽ വിവിധ കര്‍ഷക സംഘടനകളും സാമുദായ സംഘടനകളും വിവരശേഖരണം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.