നെടുങ്കണ്ടം ടൗണിൽ വാഹനാപകടം പെരുകി; മരണവും
text_fieldsനെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാനപാത കടന്നുപോകുന്ന നെടുങ്കണ്ടം ടൗണില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥ. നെടുങ്കണ്ടം പടിഞ്ഞാറേ കവല സെന്റ് സെബാസ്റ്റ്യന്‍ പള്ളി ജങ്ഷനിലാണ് അപകടങ്ങൾ കൂടുതലും. ഏതാനും ആഴ്ചകള്‍ക്കിടെ നടന്നത് ചെറുതും വലുതുമായ ഡസനോളം വാഹനപകടങ്ങളാണ്. കഴിഞ്ഞ ദിവസം ജീന തിയറ്ററിന് സമീപം ഇരുചക്ര വാഹനയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. കാര്‍ മറ്റൊരു സ്ഥലത്ത് പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവര്‍ മുങ്ങുകയായിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ പരിക്കുകളോടെ ചികിത്സയിലാണ്.
ഇത്തരം നിരവധി സംഭവങ്ങളാണ് ടൗണില്‍ നടക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് അമിത വേഗത്തില്‍ ഇരുചക്രവാഹനത്തില്‍ എത്തിയ മൂന്നംഗ സംഘം എതിരെ വന്ന ഇരുചക്ര വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. സംഭവത്തില്‍ മൂന്നംഗ സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന പാമ്പാടുംപാറ സ്വദേശിക്ക് തോളെല്ലിന് പരിക്കേിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമിത വേഗത്തിലെത്തിയ ഇരുചക്രവാഹനം കാറിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികനു പരിക്കുപറ്റി. എസ്.എന്‍.ഡി.പി ജങ്ഷനു സമീപമുള്ള പരിവര്‍ത്തനമേട് ബൈപാസ് റോഡിലേക്ക് കാര്‍ തിരിഞ്ഞ് കയറുമ്പോള്‍ കാറിനെ മറികടന്ന ഓട്ടോയുടെ പിന്നാലെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയും തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടൗണിലൂടെ തിരക്കുള്ള സമയത്തും രാത്രിയിലും ബൈക്ക് റേസിങ് പതിവാണ്.
അപകടങ്ങള്‍ പതിവായിട്ടും കേസുകള്‍ ഒത്തുതീര്‍പ്പാക്കുകയാണ് പതിവ്. പൊലീസും മോട്ടോര്‍ വാഹന വകുപ്പം പരിശോധന നടത്തുന്നുണ്ടെങ്കിലും അമിത വേഗതയിലെത്തുന്ന ഇരുചക്രവാഹനങ്ങളുടെ പിന്നാലെ പോകാൻ ഉദ്യോഗസ്ഥര്‍ക്കും ഭയമാണ്. മിക്ക അപകടങ്ങളിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കിഴക്കേ കവലയില്‍ റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സില്‍ നിന്നിറങ്ങി എതിര്‍വശത്തെ ഡോര്‍ ലോക്ക് ചെയ്യാന്‍ ശ്രമിക്കവെ അമിത വേഗത്തില്‍ ദിശമാറിയെത്തിയ കാറിടിച്ച് ഗുരുതര പരിക്കേറ്റ സംഭവവുമുണ്ട്. നെടുങ്കണ്ടം ടൗണില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ അടിയന്തരമായി പൊലീസും ഗ്രാമപഞ്ചായത്തും മോട്ടോര്‍ വാഹന വകുപ്പും ഇടപെടണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.