മുടങ്ങിയ റോഡ് മുടങ്ങിത്തന്നെ; എം.എല്‍.എ വിചാരിച്ചിട്ടും കാര്യമില്ല
text_fieldsനെടുങ്കണ്ടം: കമ്പംമെട്ട് - വണ്ണപ്പുറം റോഡുപണിക്കിടെ തൂക്കുപാലം ടൗണിലെ റോഡ് പൊളിച്ചിട്ടിട്ട് ഒന്നര മാസമായിട്ടും തുടര്‍നടപടിയില്ല. വീതി കൂട്ടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് നിര്‍മാണം പാതിവഴിയില്‍ മുടങ്ങാന്‍ കാരണം. ഒരേ സ്ഥലത്ത് തന്നെ 12ഉം എട്ടും മീറ്റര്‍ വീതിയില്‍ പണിയാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ചില വ്യക്തികളുടെ കെട്ടിടങ്ങള്‍ സംരക്ഷിക്കാൻ എട്ട് മീറ്ററാക്കി കുറച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
എല്ലാ സ്ഥലത്തും ഒരേ അളവ് വേണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ചില വ്യാപാരി സംഘടന നേതാക്കളുടെയും മറ്റും പിടിവാശിമൂലം നിര്‍മാണം രണ്ടാം ഘട്ടവും മുടങ്ങിയതോടെ നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ വെള്ളം കെട്ടി നിന്ന് വലിയ കുളമായി മാറിയിരിക്കുകയാണ്.
റോഡ് കുളമായി മാറിയതോടെ ദിനേന നിരവധി പേരാണ് അപകടത്തില്‍ പെടുന്നത്. റോഡിന് നടുവില്‍ വലിയ കുളം തീര്‍ത്തതോടെ നിര്‍മാണവും ഗതാഗതവും മുടങ്ങിയ സ്ഥിതിയിലാണ്.
കമ്പംമെട്ട്-വണ്ണപ്പുറം റോഡുപണിക്കിടെ ആദ്യം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മുടങ്ങിയ തൂക്കുപാലം ടൗണ്‍ ഭാഗം കഴിഞ്ഞ മാസം ഏഴിന് എം.എം. മണി എം.എല്‍.എ സന്ദര്‍ശിച്ച് പ്രശ്ന പരിഹാരമായതോടെയാണ് നിര്‍മാണം പുനരാരംഭിച്ചതും റോഡ് പൊളിച്ചതും. ഉടുമ്പന്‍ചോല എം.എല്‍.എ, കിഫ്ബി ഉദ്യോഗസ്ഥര്‍, കരാറുകാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി എടുത്ത തീരുമാനം റോഡിനിരുവശത്തും ഓട നിർമിക്കാനായിരുന്നു.
റോഡ് നിര്‍മാണത്തില്‍ യാതൊരുവിധ അപാകതകളും ഉണ്ടാവില്ലെന്ന് എം.എല്‍.എ അന്ന് ഉറപ്പ് നല്‍കിയിരുന്നു. അത്യാധുനിക നിലവാരത്തോടെ റോഡു പണിയുമെന്ന് അദ്ദേഹം പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതോടെ കമ്പംമെട്ട്-വണ്ണപ്പുറം റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് തൂക്കുപാലത്ത് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് പരിഹാരമായതായി പ്രദേശവാസികള്‍ കരുതി. ഇരുവശത്തും ഓടകള്‍ നിർമിച്ച് റോഡ് ഉയരുമ്പോള്‍ കടകളില്‍ വെള്ളം കയറുമെന്നു പറഞ്ഞ് ചില വ്യാപാരികള്‍ ഓട നിര്‍മിക്കാന്‍ എതിരു നിന്നപ്പോൾ ചില ഡ്രൈവര്‍മാരും പൊതുജനങ്ങളും ഓട നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വരുകയും ഓട നിര്‍മിച്ചാൽ മാത്രം റോഡ് പണിതാല്‍ മതിയെന്ന് പറഞ്ഞ് റോഡ് നിര്‍മാണം തടയുകയുമായിരുന്നു.
മഴക്കാലത്ത് പുഷ്പക്കണ്ടം ജങ്ഷനിലും അമ്പതേക്കര്‍ ജങ്ഷനിലും ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടാറുണ്ട്. കൂടാതെ പല വ്യാപാര സ്ഥാപനത്തിലെയും മലിന ജലം റോഡിലേക്കാണ് ഒഴുക്കിവിടുന്നത്. ഓടകള്‍ നിർമിക്കുന്നതോടെ ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് തൂക്കുപാലം നിവാസികള്‍. എന്നാല്‍, ചില തല്പര കക്ഷികള്‍ വീണ്ടും എതിരു നിന്നതോടെ നിര്‍മാണം വീണ്ടും പാതിവഴിയിൽ മുടങ്ങിയിരിക്കുകയാണ്. ഇതോടെ തൂക്കുപാലം ടൗണില്‍ അപകടവും ഗതാഗതക്കുരുക്കും നിത്യസംഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.