ക്രമക്കേട്, പ്രഹസനം:രാത്രി മഴയത്ത് ടാറിങ്, രാവിലെ പൊളിഞ്ഞു
text_fieldsകമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന ഹൈവേയുടെ ആദ്യ റീച്ചായ കമ്പംമെട്ട് മുതല്‍ എഴുകുംവയല്‍ ആശാരിക്കവല വരെ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൂക്കുപാലം വരെ ഭാഗത്തെ പണികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. തൂക്കുപാലം ടൗണ്‍ മുതല്‍ കല്ലാര്‍ വരെ ഭാഗത്തെ നിര്‍മാണ പ്രവൃത്തികളിലാണ് ക്രമക്കേടുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
നെടുങ്കണ്ടം: ബുധനാഴ്ച രാത്രി ശക്തമായ മഴയത്ത് നടത്തിയ ടാറിങ് വ്യാഴാഴ്ച രാവിലെ പൊളിഞ്ഞു. പ്രതിഷേധവുമായി മുണ്ടിയെരുമ നിവാസികള്‍. മഴയത്ത് ടാറിങ് നടത്തരുതെന്ന് പ്രദേശവാസികളും ഡ്രൈവര്‍മാരും ആവര്‍ത്തിച്ച് പറഞ്ഞിട്ടും വകവെക്കാതെ തുടരുകയായിരുന്നു. കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാന ഹൈവേ നിര്‍മാണ ഭാഗമായ റോഡ് ടാറിങാണ് വ്യാഴാഴ്ച രാവിലെ കിലോമീറ്ററുകളോളം ദൂരത്തില്‍ പൂര്‍ണമായും അടര്‍ന്നുപോയത്. രണ്ടാം ഘട്ട ടാറിങാണ് ബുധനാഴ്ച രാത്രി നടന്നത്.
മുണ്ടിയെരുമ ഹാജിയാര്പടി ജങ്ഷനിലാണ് ക്രമക്കേട് നടന്നത്. 77 കോടി രൂപ ചെലവില്‍ നിർമിക്കുന്ന സംസ്ഥാനപാതയുടെ ആദ്യ റീച്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ക്രമക്കേട് നടക്കുന്നതായി തുടര്‍ച്ചയായി ആരോപണം ഉയരുന്നത്. പാതയുടെ വിവിധയിടങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മാണം നടത്തുന്നതായി ആരോപിച്ച് ബുധനാഴ്ചയും പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. കിലോമിറ്ററിന് 2.75 കോടി മുടക്കിയാണ് കമ്പംമെട്ട് മുതല്‍ എഴുകുംവയല്‍ വരെ റോഡ് നിര്‍മിക്കുന്നത്.
ക്രാഷ് ബാരിയറുകളുടെ നിര്‍മാണത്തിലും അശാസ്ത്രീയത ആരോപിക്കുന്നുണ്ട്. കൂടാതെ നിര്‍മാണം ഏറെയും രാത്രി 10ന് ശേഷം മാത്രമാണ് നടക്കുന്നത്. നിര്‍മാണം ആരംഭിച്ച് മാസങ്ങളായെങ്കിലും സര്‍ക്കാര്‍ തലത്തില്‍ മേല്‍നോട്ടത്തിനായി ആരും നാളിതുവരെ എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. മമ്മൂക്ക വളവില്‍ കോണ്‍ക്രീറ്റിങ് നടത്തി ഒരാഴ്ച കൊണ്ട് തന്നെ പൂര്‍ണമായും പൊളിഞ്ഞ് അടര്‍ന്നുമാറിയിരുന്നു. കമ്പംമെട്ടില്‍ നിന്ന് നിര്‍മാണം ആരംഭിച്ചപ്പോള്‍ മുതല്‍ ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
കലുങ്ക് നിർമാണത്തിലും അപാകത
ആവശ്യത്തിന് ഓടകളും കലുങ്കും ഇല്ലാത്തത് വെള്ളക്കെട്ടിന് ഇടയാക്കുന്നുവെന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിരുന്നു. കലുങ്കുകളുടെ നിര്‍മാണത്തില്‍ അപാകത ഏറെയുള്ളതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മിക്ക കലുങ്കുകൾ പൊളിച്ചുപണിയാതെ വീതി കൂട്ടുക മാത്രമാണ് ചെയ്യുന്നത്. കലുങ്കിന്റെ തൂണുകള്‍ക്ക് ഘനം കുറഞ്ഞ കമ്പി ഉപയോഗിക്കുന്നതായും ചേരുവകളില്‍ അളവ് കുറക്കുന്നതായും ആക്ഷേപമുണ്ട്.
കമ്പംമെട്ട് മുതല്‍ നിര്‍മിച്ചിരിക്കുന്ന എല്ലാ കലുങ്കുകളിലും കൃത്രിമം നടന്നിട്ടുള്ളതായും ആദ്യഘട്ട ടാറിങിന് മുമ്പായി ചെയ്യേണ്ട ലെവലിങ് പ്രവര്‍ത്തനങ്ങളും സംരക്ഷണഭിത്തികളും വേണ്ട രീതിയില്‍ തീര്‍ക്കാതെയാണ് റോഡ് നിര്‍മാണമെന്നും പല ഭാഗങ്ങളിലും എസ്റ്റിമേറ്റിൽ പറയുന്ന വീതിയില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.