പരാതി സ്വീകരിക്കാൻ പൊലീസിനും വനം വകുപ്പിനും വിമുഖത; ഹൈറേഞ്ചില്‍ ചന്ദനമരം മോഷണം വ്യാപകം
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചില്‍ ചന്ദനമരം മോഷണവും മോഷണ ശ്രമവും തുടര്‍ക്കഥയായിട്ടും കണ്ടുപിടിക്കാനാകുന്നത് കുറ്റിയും ശിഖരങ്ങളും മാത്രം. വര്‍ഷങ്ങളായി ചന്ദനം മോഷണം തകൃതിയായിട്ടും പ്രതിയെ പിടികൂടാനാകുന്നത് അപൂർവം. മൂന്നു വര്‍ഷത്തിനിടെ 300ഓളം ചന്ദനമരങ്ങളാണ് ഹൈറേഞ്ചില്‍നിന്ന് മോഷണം പോയത്. ചന്ദന മാഫിയ വനം വകുപ്പ് ഉദ്യോഗസ്ഥ ബന്ധമാണ് ചന്ദനമോഷണം വർധിക്കാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം.
കല്ലാര്ക്ഷേത്രമുറ്റത്തെ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലാര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്തു നിന്ന ചന്ദനം മുറിച്ചുകടത്താന്‍ ശ്രമിക്കവെ പിടിയിലായി ഇയാൾ ജാമ്യമെടുത്ത് ഒളിവില്‍ പോകുകയും പിന്നീട് കോടതിയില്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്ന് പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. 2014 നവംബര്‍ 13ന് ക്ഷേത്രമുറ്റത്തെ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. കഴിഞ്ഞ ദിവസം കല്ലാറില്‍ ചിന്നാര്‍ വനം വകുപ്പ് ഓഫിസിന് സമീപത്തെ കെ.എസ്.ഇ.ബി ഭൂമിയില്‍നിന്ന് ചന്ദനം മുറിച്ചു കടത്താന്‍ ശ്രമം നടന്നത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിഞ്ഞില്ലെന്ന് മാത്രമല്ല പുലര്‍ച്ച നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥര്‍ എത്തുന്നത് വൈകുന്നേരമാണ്.
പട്ടയഭൂമിയില്‍ നില്ക്കുന്ന മരത്തിന്റെ ചില്ല വെട്ടിയാല്പോലും കര്‍ഷകര്‍ക്കെതിരെ കേസെടുത്തു അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ വനം കൊള്ളക്കാരുമായുള്ള ബന്ധം അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മറയൂര്‍ കഴിഞ്ഞാല്‍ സ്വകാര്യഭൂമിയില്‍ ഏറ്റവും അധികം ചന്ദനമരങ്ങളുള്ളത് ഉടുമ്പന്‍ചോലയിലെ പട്ടംകോളനി പ്രദേശങ്ങളാണ്. കല്ലാര്‍, ചിന്നാര്‍ ഫോറസ്റ്റ് സെക്ഷനുകളുടെ കീഴിലാണ് ഈ പ്രദേശങ്ങള്‍.
മുമ്പ് രാമക്കല്‍മേട്ടില്‍ വ്യാപകമായി ചന്ദന മോഷണം നടന്നിരുന്നു. മുണ്ടിയെരുമ, ചോറ്റുപാറ, തൂക്കുപാലം മേഖലയില്‍ ചന്ദനമരം മോഷണ പരമ്പര അരങ്ങേറിയിരുന്നു. നെടുങ്കണ്ടം, എഴുകുംവയല്‍, വലിയതോവാള, തൂക്കുപാലം, രാമക്കല്‍മേട്, ചോറ്റുപാറ മേഖലകളില്‍നിന്ന് നൂറോളം ചന്ദനമരങ്ങളാണ് ഒരു വര്‍ഷത്തിനിടെ മുറിച്ചു കടത്തിയത്.
ഏതാനും മാസങ്ങള്‍ക്കിടയില്‍ നെടുങ്കണ്ടം മേഖലയില്‍ മാത്രം നിരവധി ചന്ദന മരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ചെറുമരങ്ങള്‍ മുറിച്ചു തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘം ഹൈറേഞ്ച് കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്നതായി വര്‍ഷങ്ങളായി ആരോപണമുയരുന്നുണ്ടെങ്കിലും വനം വകുപ്പോ പൊലീസോ നടപടി സ്വീകരിച്ചില്ലെന്ന ആരോപണവുമുണ്ട്. എന്നാല്‍, പരാതി ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ചന്ദനം മോഷണം പോയതായി പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് പൊലീസും പറയുന്നത്.
നൂറുകണക്കിന് ചന്ദനമരങ്ങളാണ് അതിര്‍ത്തി കടക്കുന്നത്. നിയമത്തിന്റെ നൂലാമാലകള്‍ ഭയന്ന് പലരും മുറിച്ചുമാറ്റിയ മരത്തിന്റെ കുറ്റി ഉള്‍പ്പെടെ മണ്ണിട്ടു മൂടുകയാണ്.
ചിലര്‍ വനം വകുപ്പില്‍ പരാതിയുമായെത്തുമ്പോള്‍ തന്റെ പുരയിടത്തിലെ മരം മോഷണം പോയതിന് ഉത്തരവാദി താനാണെന്നു പറഞ്ഞ് ഉടമയെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ട്.
ചന്ദനമരം മോഷണ പരാതി സ്വീകരിക്കാന്‍ പൊലീസും വനം വകുപ്പും വിമുഖത കാട്ടിയ സംഭവങ്ങളും നിരവധിയാണ്. പരാതി നല്കാന് വീട്ടുടമ എത്തിയപ്പോള്‍ പൊലീസും വനം വകുപ്പും ഒഴിഞ്ഞുമാറിയതായാണ് ആക്ഷേപം.
പൊലീസിലെത്തിയച്ചോള് തടിയല്ലേ വനംവകുപ്പിനെ സമീപിക്കാന്‍ പറഞ്ഞും വനംവകുപ്പിലെത്തിയപ്പോള് മോഷണമല്ലേ പൊലീസിനെ സമീപിക്കാനും പറഞ്ഞ് പരാതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നുവത്രെ. ഇതോടെ തടി ഉടമ പരാതി നല്കാനാകാതെ നിരാശനായി മടങ്ങി.
കര്‍ഷകര്‍ നട്ടുവളര്‍ത്തിയ ചെറുമരങ്ങളാണ് മുറിച്ചു കടത്തുന്നത്. മരങ്ങള്‍ക്ക് ചെറിയ കാതല്‍ വരുന്ന സമയത്തുതന്നെ മുറിച്ചു കടത്തുകയാണ്. എന്നാല്‍, നിയമ പ്രശ്നം ഓര്‍ത്ത് പലരും കേസിനും മറ്റും പോകാറില്ല. എന്നു മാത്രമല്ല മുറിച്ചു മാറ്റിയ മരത്തിന്റെ കുറ്റികള്‍ ഉള്‍പ്പെടെ സ്ഥലത്തുനിന്നും നീക്കം ചെയ്യുന്നതിനൊപ്പം കുറ്റി മണ്ണിട്ടു മൂടുകയാണ്. ചിലര്‍ മോഷണ വിവരം ആരോടും പറയാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.