പട്ടം കോളനി ചന്ദന മോഷണം: പിന്നിൽ 12 അംഗ സംഘം
text_fieldsനെടുങ്കണ്ടം: പട്ടംകോളനി മേഖലയിലെ ചന്ദന മോഷ്ടാക്കള്‍ 12 അംഗ സംഘമെന്ന് സൂചന. കഴിഞ്ഞദിവസം പിടിയിലായ മോഷ്ടാക്കള്‍ ചന്ദന മരം മോഷ്ടിച്ചത് മുണ്ടിയെരുമക്ക് മുകളില്‍ ഊന്നുകല്‍ ഭാഗത്ത് സര്‍ക്കാര്‍ ബ്ലോക്ക് കൊടുത്ത് കാന്‍സല്‍ ചെയ്ത സ്ഥലത്തുനിന്ന അഞ്ചു ചന്ദനമരങ്ങളില്‍ നാലെണ്ണമാണെന്ന് പിടിയിലായവര്‍ മൊഴിനൽകി. ഇവ ചെത്തി ഒരുക്കി എടുക്കുന്നതിനിടയിലാണ് മൂന്നംഗ സംഘം പിടിയിലായത്.
നാളുകളായി പട്ടംകോളനിമേഖലയില് നടന്നിട്ടുള്ള പല ചന്ദന മോഷണത്തിനും പിന്നില്‍ രണ്ട് സംഘമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പിടിയിലായവര്‍ വനപാലകരോട് പറഞ്ഞു. 12 അംഗ സംഘം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് മോഷണങ്ങള്‍ നടത്തുന്നത്. ചോറ്റുപാറ കളത്തില്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ബാബു ജോസഫ്, ലഗീരന്റെ പക്കല്‍ നിന്ന് വാങ്ങി തന്റെ വീടിനു സമീപത്തെ ആള് താമസമില്ലാത്ത വീട്ടില്‍ ഒളിപ്പിച്ചുവെച്ച ചന്ദനമാണ് ചൊവ്വാഴ്ച മൂന്നംഗ മോഷണസംഘത്തിന്റെ തെളിവെടുപ്പിനിടയില്‍ കെണ്ടടുത്തത്. ചൊവ്വാഴ്ച കല്ലാര്‍ വനംവകുപ്പ് പിടിച്ചെടുത്ത 45 കിലോ ചന്ദനം 30000 രൂപക്ക് അങ്കിള്‍ വാങ്ങി സൂക്ഷിച്ചിരുന്നതാണെന്ന് വനപാലകര്‍ പറഞ്ഞു.
കിലോഗ്രാമിന് 1200 രൂപ വിലയിൽ അങ്കിള്‍ ചന്ദനം വാങ്ങി മറിച്ചു വില്‍ക്കുകയാണ് പതിവ്. കേസിലെ പ്രധാനിയും കർണാടകയിലേക്ക് കടന്നിട്ടുള്ള ലഗീരന്റെ കൈയില്‍ നിന്നാണ് അങ്കിള്‍ ചന്ദനം വാങ്ങാറ് പതിവ്. ലഗീരനെ പിടികൂടിയാലെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവു. മുണ്ടിയെരുമയില്‍ നിന്ന് മുറിച്ച ചന്ദനം ലഗീരനും മറ്റൊരാളും കൂടി രാമക്കല്‍മേട് തെള്ളിയില്‍ ഹസന് കുഞ്ഞിന് വില്‍ക്കുകയായിരുന്നു. ഇവര്‍ കിലോ ഗ്രാമിന് 1200 മുതല്‍ 1500 വരെ വിലക്കാണ് വിൽപന നടത്തുന്നത്. രാമക്കല്‍മേട് ഭാഗത്തുനിന്നു വരുന്ന ചന്ദനം കൂടുതലും വാങ്ങുന്നത് ഹസന്‍കുഞ്ഞാണ്. മുണ്ടിയെരുമയിലെ ചന്ദനം രണ്ട് ദിവസങ്ങളിലായി ഹസന്‍കുഞ്ഞും അങ്കിളുമാണ് വാങ്ങിയത്. രണ്ടാമത് കൊണ്ടുവന്ന ചന്ദനം ചെത്തി ഒരുക്കുന്നതിനിടയിലാണ് പൊലീസിന്റെ കമാൻഡോ വിങ്ങിലെ അംഗമായിരുന്ന തൊടുപുഴ ഉടുമ്പന്നൂര്‍ ചെരിവുപറമ്പില്‍ സ്വദേശി സുനീഷ് ചെറിയാനെ (36) കഴിഞ്ഞ 11ന് അറസ്റ്റ് ചെയ്തത്.
രണ്ട് സംഘത്തില്‍ ഉള്‍പ്പെട്ട ആറ് പേരെയാണ് പിടികൂടാനായത്. തിങ്കളാഴ്ച പിടികൂടിയ അഞ്ചുപേരില്‍ നാല് പേരെ റിമാൻഡ് ചെയ്തു. ഡയാലിസിസ് രോഗി ആയതിനാല്‍ അങ്കിളിന് കോടതി ജാമ്യം അനുവദിച്ചു. അങ്കിളിന്റെ ഉടമസ്ഥതയിലുള്ള രണ്ട് കാറുകളാണ് വനം വകുപ്പ് കഴിഞ്ഞദിവസം പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരുടെ പങ്കിനെപ്പറ്റി പറഞ്ഞതും രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.