കൃഷിഭവൻ നൽകിയ തൈകള്‍ വാടിക്കരിഞ്ഞു
text_fieldsനെടുങ്കണ്ടം: കൃഷി ഭവനില്‍ നിന്ന് വിതരണം ചെയ്യുന്ന വിവിധയിനം തൈകള്‍ ഗുണനിലവാരം കുറഞ്ഞവയെന്ന് കര്‍ഷകര്‍ക്ക് പരാതി. ഇതിന് ഉദാഹരണമാണ് പൊന്നാമലയിലെയും പെരിഞ്ചാംകുട്ടിയിലെയും പച്ചക്കറി കൃഷികൾ. ഓണവിപണി മുന്നില്‍ക്കണ്ട് നട്ട തക്കാളിച്ചെടികൾ ഏറെയും വിളവെടുപ്പിന് മുമ്പ് ബാക്ടീരിയബാധയെ തുടര്‍ന്ന് കരിഞ്ഞുണങ്ങി.
ഇത് മൂലം കനത്ത നഷ്ടമാണ് നേരിട്ടതെന്ന് കര്‍ഷകര്‍ പറയുന്നു. നെടുങ്കണ്ടം കൃഷിഭവനില്‍നിന്ന് വിതരണം ചെയ്ത തക്കാളി തൈകള്‍ നട്ട കര്‍ഷകര്‍ക്കാണ് കൃഷിനാശം നേരിട്ടത്. അതേസമയം, ഈ ചെടികള്‍ക്കൊപ്പം സ്വകാര്യ നഴ്സറിയില്‍നിന്ന് വാങ്ങി നട്ട ചെടികള്‍ക്ക് കുഴപ്പമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മികച്ച കര്‍ഷകക്കുള്ള അവാര്‍ഡ് പലതവണ വാങ്ങിയിട്ടുള്ള പൊന്നാമല പാറശ്ശേരില്‍ ജെസി കുര്യന് 120 തക്കാളി തൈകളാണ് നട്ടത്. കഴിഞ്ഞ ജൂണിലാണ് തൈകള്‍ നട്ടത്. വഴുതന, കാബേജ്, ചീനി, തക്കാളി, വള്ളി ബീന്‍സ് തുടങ്ങി മറ്റ് വിളകൾക്ക് നല്ല വിളവ് ലഭിച്ചു. എന്നാല്‍, തക്കാളികള്‍ മൂപ്പെത്തും മുമ്പേ വാടിക്കരിയുകയായിരുന്നു.
കര്‍ഷകര്‍ക്ക് കൃഷി ഭവന് വഴി വതരണം ചെയ്ത വള്ളി ബീന്‍സ് ഒന്നു പോലും കിട്ടിയില്ല. ബീന്‍സ് 50 തടം വെട്ടി ഒരു തടത്തില്‍ നാലഞ്ചു വീതം നട്ടു. ഒന്നു പോലും കിട്ടിയില്ല. ബീന്‍സ് തൈയ്യായി നല്‍കാതെ ബീന്‍സ് വിത്തായി നല്‍കണമെന്നാണ് പല കര്‍ഷകരും പറയുന്നത്.
പൊന്നാമല ഈഴേക്കുന്നേല് സിബി നട്ട മുന്നൂറോളം ചെടികള്‍ രണ്ടുമാസം കഴിയും മുമ്പേ ഉണങ്ങി നശിച്ചു. വിഷയം കൃഷിഭവന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ബാക്ടീരിയ ബാധയാണെന്നും മരുന്നില്ലെന്നും ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്നും അറിയിച്ചെന്ന് കര്ഷകന് പറയുന്നു.
കൃഷിഭവനില്‍നിന്ന് വിതരണം ചെയ്ത തൈകള്‍ക്ക് മാത്രമാണ് ഈ രോഗബാധ. അതിനാൽ കൃഷിവകുപ്പ് ഇടപെട്ട് നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.