സർവിസുകൾ മുടങ്ങുന്നു; യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി
text_fieldsനെടുങ്കണ്ടം: ജില്ലയില്‍ ദീര്‍ഘദൂരമടക്കം കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ പതിവായി മുടങ്ങുന്നു. 21 സര്‍വിസ് മാത്രമുള്ള നെടുങ്കണ്ടം ഡിപ്പോയില്‍നിന്ന് കഴിഞ്ഞ ദിവസം മുടങ്ങിയത് ഏഴെണ്ണമാണ്. കുമളിയില്‍ 38 സര്‍വിസില്‍ ഏഴും കട്ടപ്പനയില്‍ 35 എണ്ണത്തിൽ അഞ്ചും മുടങ്ങി. ദൂരപരിധി നിബന്ധനകളെ തുടർന്ന് സ്വകാര്യ ബസുകളുടെ ടേക്ഓവർ സർവിസായി ഓടുന്ന ബസുകളാണ് കൂടുതലും മുടക്കിയത്. ഇവയിൽ മിക്കവയും 10 വർഷത്തിലധികം പഴക്കമുള്ളതാണ്.
മൂന്നാര്‍, മൂലമറ്റം, തൊടുപുഴ ഡിപ്പോകളിലും സമാന സാഹചര്യമാണുള്ളത്. ഗാരേജിലായവക്ക് പകരം ഓടിക്കാന്‍ ബസുകള്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ഹൈറേഞ്ചിലെ ഡിപ്പോകളില്‍ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബസുകളാണെന്ന ആക്ഷേപവുമുണ്ട്. ആവശ്യത്തിന് മെക്കാനിക്കുകൾ ഇല്ലാത്തതും സ്പെയര്‍പാര്‍ട്സിന്റെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നു. പുലര്‍ച്ചയുള്ള സര്‍വിസുകള്‍ മുന്‍കൂട്ടി അറിയിപ്പില്ലാതെ മുടങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മിക്ക ഡിപ്പോകളിലും സര്‍വിസിന്റെ എണ്ണത്തിന് ആനുപാതികമായി മാത്രമാണ് ബസുകളുള്ളത്. ഒരു ബസിന് കേടുപാട് സംഭവിച്ചാല്‍ സര്‍വിസ് മുടങ്ങും.
നെടുങ്കണ്ടം സ്റ്റേഡിയം കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഓപറേറ്റിങ് സെന്റർ കെ.എസ്.ആര്.ടി.സിക്കായി വിട്ടുകൊടുത്ത ചെമ്പകക്കുഴിയിലെ സ്ഥലത്തേക്ക് മാറ്റാനും നടപടിയില്ല. പഞ്ചായത്ത് വിട്ടുനല്‍കിയ ഭൂമിയില്‍ 30 ലക്ഷം രൂപ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഓഫിസ് ആവശ്യത്തിനായി കെട്ടിടവും ഗാരേജ് പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങൾക്ക് 50 ലക്ഷവും അനുവദിച്ചെങ്കിലും നിര്‍മാണം ആരംഭിച്ചിട്ടില്ല. നെടുങ്കണ്ടം ഡിപ്പോയിലെ ബസുകള്‍ രാത്രി ഇപ്പോഴും റോഡരികിലാണ് നിർത്തിയിടുന്നത്. കെ.എസ്.ആര്.ടി.സിക്കായി വിട്ടുകൊടുത്ത സ്ഥലവും അനുബന്ധ സൗകര്യവും കാടുപിടിച്ച് നശിക്കുമ്പോഴാണ് ഈ അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.