വീടൊഴിയാതെ പാമ്പുകൾ; ഉറക്കമില്ലാതെ സൈനബ
text_fieldsനെടുങ്കണ്ടം: രാത്രി കൈയിലൊരു കാപ്പിവടിയുമായി സൈനബ ഉറക്കമൊഴിച്ച് കാത്തിരിക്കുകയാണ്. പാമ്പുകൾ ഏതുസമയവും ഏതുവഴിയും കൂരയിലേക്ക് കയറിവരാം. ഇത് ഭയന്നാണ് വടിയുമായുള്ള കാത്തിരിപ്പ്. വീടിന്റെ തറയിലും ഭിത്തിയിലും മേല്‍ക്കൂരയിലും വിള്ളലുകള്‍ക്കിടയില്‍ പ്ലാസ്റ്റിക് കൂടുകള്‍ തിരുകിവെച്ചിരിക്കുന്നതും പാമ്പുകളെ പേടിച്ചുതന്നെ. നെടുങ്കണ്ടം താന്നിമൂട് സ്വദേശിനി മങ്ങാട്ടുവിളയില് സൈനബ ബീവി എന്ന 69കാരിയുടെ ജീവിതം പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലാണ്.
ചോർന്നൊലിക്കുന്ന കൂരയിൽ മഴയെയും കാറ്റിനെയും മാത്രമല്ല പാമ്പുകളെയും ഭയന്നാണ് സൈനബ ഓരോ രാത്രിയും തള്ളിനീക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പാമ്പുകള്‍ വീട്ടിനുള്ളിലും കട്ടിലിലും ഇഴഞ്ഞെത്തും. ചിലപ്പോള്‍ ഒന്നിലധികം ഉണ്ടാകും. തറയും ഭിത്തിയുമെല്ലാം ശോച്യാവസ്ഥയിലാണ്. മഴ പെയ്യുമ്പോള്‍ ചിമ്മിനിയില്‍നിന്ന് വെള്ളവും കോണ്‍ക്രീറ്റും താഴേക്ക് പതിക്കും.
ഭക്ഷണം പാചകം ചെയ്യുമ്പോള്‍ മഴവെള്ളം പാത്രങ്ങളിലേക്ക് വീഴാതിരിക്കാൻ അടുപ്പിനു മുകളില്‍ പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയിരിക്കുന്നു. 40 വര്‍ഷം മുമ്പ് ഭർത്താവ് മരിച്ച സൈനബ ഒറ്റക്കാണ് താമസം. രോഗബാധിതനായ മകനും കഴിഞ്ഞ വര്‍ഷം മരിച്ചു. 40 സെന്റ് ഭൂമി ഉണ്ടായിരുന്നതില്‍ ഏറിയ പങ്കും മകന്റെ ചികിത്സക്കായി വിറ്റു.
വാസയോഗ്യമായ വീടിനായി നിരവധി തവണ അധികൃതര്‍ക്ക് അപേക്ഷ നല്കി. ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചതായി അറിയിക്കുകയും കരാര്വെക്കുകയും ചെയ്തെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടതായി സൈനബ പറയുന്നു. അധികൃതര്‍ ആവശ്യപ്പെടുന്ന മുഴുവന്‍ രേഖകളുമായി ഓരോ തവണയും ഓഫിസുകള്‍ കയറിയിറങ്ങുമ്പോഴും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നമായിരുന്നു മനസ്സിൽ. ഇപ്പോൾ ആ പ്രതീക്ഷയും മങ്ങിത്തുടങ്ങിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.