ആമപ്പാറയിലെ സൗരോർജ പവർപ്ലാൻറ് ഫെബ്രുവരിയിൽ; ട്രാൻസ്ഫോർമർ രണ്ടാഴ്ചക്കുള്ളിൽ
text_fieldsനെടുങ്കണ്ടം: കേരള തമിഴ്നാട് അതിർത്തി മേഖലയായ ആമപ്പാറയിലെ സൗരോർജ പവർ പ്ലാൻറ് ഫെബ്രുവരിയിൽ കമീഷൻ ചെയ്യാൻ നീക്കം ആരംഭിച്ചു. മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്ലാൻറിൽ സന്ദർശനം നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി.
സമീപത്തെ സ്വകാര്യ വ്യക്തിയുമായുള്ള വസ്തു സംബന്ധിച്ച തർക്കഭൂമി ഒഴിവാക്കിയാണ് അളന്നത്. അനർട്ട് സിഡാക്കിനെയാണ് നിർമാണച്ചുമതല ഏൽപിച്ചിട്ടുള്ളത്. സിഡാക്ക് കെൽേട്രാണിന് കരാർ നൽകുകയായിരുന്നു. അനർട്ട്, സിഡാക്, കെൽേട്രാൺ എന്നിവയിലെ ഉദ്യോഗസ്ഥർ, താലൂക്ക് സർവേയർ, വാർഡ് അംഗം തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചു.
കാറ്റിലും മഴയിലും തകർന്ന സോളാർ പാനലുകൾ മാറ്റി പുതിയവ സ്ഥാപിക്കും. സോളാർ പാനലുകൾ ഉപയോഗിച്ച് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതി. ആദ്യഘട്ടത്തിൽ സോളാറിൽനിന്ന് ഒരു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും. പദ്ധതി വിജയകരമായാൽ ശേഷി മൂന്ന് മെഗാവാട്ടായി ഉയർത്താനുമാണ് തീരുമാനം.
വർഷം മുഴുവൻ ശക്തമായ കാറ്റ് ലഭിക്കുന്നതും സൂര്യപ്രകാശം ലഭിക്കുന്നതുമായ വിശാല പുൽമേടുകളോട് കൂടിയിടമാണ് ആമപ്പാറ. ഇക്കാരണത്താൽ കൂടുതൽ കാറ്റാടികളും സോളാർ പാനലുകളും സ്ഥാപിച്ച് വൻതോതിൽ മേഖലയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. ആദ്യഘട്ടത്തിൽ 16 കോടിയാണ് അനർട്ട് പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ളത്. അനർട്ടിന് 147 ഹെക്ടർ ഭൂമിയാണുള്ളത്.
നെടുങ്കണ്ടം സബ് സ്റ്റേഷനിൽ ശേഖരിച്ചാണ് വൈദ്യുതി വിതരണം നടത്തുക. കല്ലാർ സബ്സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനായി ലൈനുകളുടെ അറ്റകുറ്റപ്പണികളും ഉടനെ പൂർത്തീകരിക്കും. പവർ പ്ലാൻറിൽ സ്ഥാപിക്കുന്നതിന് ട്രാൻസ്ഫോർമർ ആന്ധ്രാപ്രദേശിൽനിന്നാണ് കൊണ്ടുവരുന്നത്.
രണ്ടാഴ്ചക്കുള്ളിൽ ട്രാൻസ്ഫോർമർ സ്ഥലത്തെത്തും. അഞ്ഞുറിലധികം പാനൽ പലഘട്ടമായി സ്ഥാപിച്ച് വൈദ്യുതി ഉൽപാദനം വർധിപ്പിക്കാനാണ് അനർട്ടും വൈദ്യുതി ബോർഡും ലക്ഷ്യമിടുന്നത്. സോളാർ, കാറ്റാടി പദ്ധതികൾക്ക് ഏറ്റവും അനുയോജ്യമായ പ്രദേശമാണ് അതിർത്തി മേഖലയായ രാമക്കൽമെട്ട്. സൗരോർജത്തിൽ നിന്നും കാറ്റിൽ നിന്നും ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കുതിന് അനുയോജ്യമെന്ന് കണ്ടെത്തിയ പ്രദേശമാണിവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.