സംസ്ഥാന അതിർത്തിയിൽ മഹാശിലായുഗ ശേഷിപ്പുകൾ കണ്ടെത്തി
text_fieldsനെടുങ്കണ്ടം: സംസ്ഥാന അതിർത്തിയായ ചെല്ലാർകോവിലിൽ മഹാശിലായുഗത്തിലെ ഉർവരതാനുഷ്ഠാന കേന്ദ്രവും പ്രാചീന ബലിത്തറയും കണ്ടെത്തി. ഇവക്ക് 1500 മുതൽ 2500 വരെ വർഷങ്ങളുടെ കാലപ്പഴക്കം ഉണ്ടാകുമെന്നാണ് നിഗമനം.
പ്രാചീന ആരാധനാനുഷ്ഠാനങ്ങളും കാർഷിക സംസ്കൃതിയുടെ ആവിർഭാവവുമായി ബന്ധപ്പെട്ട് നിർണായകമായ ശേഷിപ്പുകളാണ് നെടുങ്കണ്ടം ബി.എഡ് കോളജിലെ ചരിത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെല്ലാർകോവിലിൽ കണ്ടെത്തിയത്. കുരുതികൊടുക്കലിന്റെയും നരബലി ഉൾപ്പെടെ വിവിധ ബലിയാരാധനകളുടെയും പ്രാചീനത വെളിവാക്കുന്ന ചരിത്രപ്രാധാന്യമുള്ള കണ്ടെത്തലായി ഇതിനെ കണക്കാക്കുന്നു.
കൊച്ചറ, മന്തിപ്പാറ, നെറ്റിത്തൊഴു, ചെല്ലാർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലെ നെൽപാടങ്ങളുടെയും ഇവിടെ നിലനിന്ന കാർഷിക സംസ്കൃതിയുടെയും 2500 വർഷങ്ങളുടെ പഴക്കമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കോവിഡ് കാലത്ത് ചെല്ലാർ കോവിലിൽ പുരാതനമായ കാർണേലിയൻ മുത്തുകൾ കണ്ടെത്തിയിരുന്നു. അവ കാണപ്പെട്ട നന്നങ്ങാടിയിൽനിന്ന് 2500 വർഷം പഴക്കം കരുതുന്നു നെന്മണികളും ലഭിച്ചിരുന്നു.
ചരിത്ര ഗവേഷകനായ നെടുങ്കണ്ടം ബി.എഡ് കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ, അധ്യാപകൻ ജി. അനൂപ്, ചരിത്ര സമിതി അംഗങ്ങളായ എം. ഹേമലത, സാന്ദ്ര പി. സുരേഷ്, ഗഗന പി. ഗോപൻ, എൻ. അപർണ, അലീഷ സിബി, ക്രിസ്റ്റീന വിൻസെന്റ്, മരിയ കുര്യൻ, ബിനോ ജോസഫ്, എം. ചിന്നരാജ, അഞ്ജു മരിയ ജോയി, അഞ്ജന സുരേഷ്, എം. ആതിര, ഷജിൻ ഷാജി, അനു മോൾ ബിനു, എം. ആരതി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.